പതനം

http://www.puzha.com/blog/magazine-purushothaman_kk-story1_may26_10/

പുഴ മാഗസിനിൽ പ്രസിദ്ധീകരിച്ചത്

******************************************

നേരിയ നൂലിഴയിൽ തൂങ്ങിയാടുകയായിരുന്നു. ഇളം കാറ്റ്‌ ഒരു കുട്ടിയുടെ കുസൃതിയോടെ ആ നൂലിഴ പൊട്ടിച്ചു. അവനെല്ലാം കളിയായിരുന്നു, പൂവിനെ വീഴ്‌ത്തി പൂമ്പാറ്റയെ തൊട്ടു മാമ്പൂക്കളെ തൊട്ടിലാട്ടി. തൂങ്ങിയാടുന്ന നൂലിഴയെ ഒരു വീണയുടെ തന്ത്രിയായി അവനു തോന്നിക്കാണും. ഒന്ന്‌ തൊട്ടു മീട്ടി കടന്നു പോകാൻ മാത്രം.

നിലവിളി മനസ്സിൽ നിന്നോ, തൊണ്ടയിൽ നിന്നോ പുറപ്പെട്ടത്‌ എന്നറിയില്ല, താഴേക്കുള്ള പതനം, ഒരു നിമിഷം മാത്രം, ഒരു ജീവിതം മുഴുവൻ ഒരു ചിമിഴായി അതിൽ ഒതുങ്ങിയിരിക്കുന്നു. ശാസ്‌ത്രം പറയുന്നു, ഒരു ജീവിയുടെ ഓരോ സെല്ലിലും അവനവൻ മുഴുവനായി ഒളിഞ്ഞു കിടക്കുന്നു എന്ന്‌, ഒരു ജന്മം മുഴുവൻ ആ ഒരു നിമിഷ ബിന്ദുവിലേക്ക്‌, ഒരു ചിമിഴിലേക്ക്‌ ഒതുങ്ങി ആരോ ഒരു തൊട്ടിലിലേക്ക്‌ എന്ന പോലെ എന്നെ ഏറ്റുവാങ്ങിയിരിക്കുന്നു. ചുറ്റും നീല പരപ്പുള്ള പുഴയാണ്‌, നേരിയ അലകൾ എന്നെ നോക്കി ചിരിക്കുന്നു. എന്റെ മേലെ തൊട്ടുഴിഞ്ഞു ഇക്കിളിയാക്കുന്നു. പുഴയിൽ മുങ്ങിപ്പോകില്ലേ എന്ന ആശങ്ക ഒരു നിമിഷം മാത്രം, എന്നെ സ്വന്തം ആഴങ്ങളിലേക്ക്‌ ഏറ്റുവാങ്ങാനല്ല, ഇരു കൈകൾ കൊണ്ടു കുമ്പിൾ കൊട്ടി എന്നെ അലകളിൽ നീന്തിക്കുകയാണ്‌. അച്‌ഛന്റെ കൈകൾ പോലെ. എന്നെ നീന്തൽ പഠിപ്പിക്കുമ്പോൾ അച്ഛന്റെ കൈകൾ എന്റെ വയറിലായിരുന്നു, ഒന്നും ഉടുക്കാതെ, കൈകളിൽ കിടന്നു കൈകാലിട്ടടിച്ചു, വെള്ളം തെറിപ്പിച്ചു, കൈകൾ വിട്ടാൽ, കലക്കവെള്ളം കുടിച്ചു ചുമക്കുന്ന….. ബാല്യം.

ഞാൻ കൈകാൽ ഇട്ടടിക്കുന്നില്ല, അദൃശ്യമായ പുഴയുടെ കൈകൾ എനിക്കനുഭവപ്പെടുന്നു, പുഴയുടെ കാരുണ്യം ഞാനറിയുന്നു. പുഴയുടെ ശാന്തമായ പരപ്പ്‌, ആഴമില്ലാത്ത പുഴ, അക്കരെ തെങ്ങിൻ തോപ്പുകളുടെ ഇടയിലൂടെ വെയിൽ ചീളുകൾ പുഴയിലേക്ക്‌, ഒരു പാട്‌ കുഞ്ഞുസൂര്യന്മാർ, സൂര്യന്റെ കുട്ടികൾ പുഴയിലാകെ. പണ്ട്‌ വേനലവധി കഴിഞ്ഞു സ്‌കൂൾ തുറന്നു മഴ പെയ്‌തു തുടങ്ങുന്ന ജൂൺ മാസം ഓർമ വന്നു. മീൻ പിടിക്കാൻ പുഴയിൽ, പുഴയിലേക്ക്‌ ചാഞ്ഞു കിടക്കുന്ന മരത്തിന്റെ തണലിൽ, ഇരുട്ട്‌ വീണു കിടക്കുന്ന ആഴമായിരുന്നു അവിടെ, വലിയ മീനിനെ കാട്ടിത്തന്ന ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ ആരാണെന്ന്‌ ഓർമയില്ല. ഒരു പാട്‌ പൊടിക്കുഞ്ഞുങ്ങളുടെ കൂടെ, ഒരു രാജ്ഞിയെപ്പോലെ. പൊടിമീൻകുട്ടികൾ ആയിരങ്ങൾ. അങ്ങ്‌ ദൂരെ തലേക്കെട്ട്‌ കെട്ടിയ തോണിക്കാരൻ കാറ്റിന്റെ എതിരെ പോകുന്നത്‌ കൊണ്ടാവും വലിയ തണ്ടിൽ ആയാസപ്പെട്ട്‌ കുത്തിപ്പോകുന്നു.

അലകൾ ഉയർത്തി ഇളം കാറ്റ്‌ എന്നെ തൊട്ടുഴിഞ്ഞു പോയി, അവന്‌ എന്നെ മനസ്സിലായില്ല. അല്ലെങ്കിലും ഒരു നൂലിഴ പൊട്ടിക്കുന്ന കുസൃതി മാത്രമേ അവനുണ്ടായിരുന്നുള്ളു.

http://www.puzha.com/blog/magazine-purushothaman_kk-essay1_mar2_11/

രണ്ടായിരത്തി പതിനൊന്നിൽ പുഴ മാഗസിനിൽ പ്രസിദ്ധീകരിച്ചത്

***********************************************

ഓഫീസ്‌ മുറി പൂട്ടി രാഘവൻ മാഷ്‌ക്ക്‌ ഏറ്റവും അവസാനമേ ഇറങ്ങാൻ പറ്റിയുള്ളൂ. നീളൻ മണിയടി പാതി എത്തുമ്പോഴേക്കും തേനീച്ച കൂട്ടിനു കല്ലേറ്‌ കൊണ്ട പോലെ ഒരാരവത്തോടെ പിള്ളേരൊക്കെ ഓരോ വാതിലിലൂടെയും ജനലിലൂടെയും തിരക്ക്‌ കൂട്ടി ഓടി മറയും. പിന്നെ ഒറ്റയായും ചെറു കൂട്ടമായും മുതിർന്നവരും – ഒരു പെരുമഴ പെയ്‌തു തീർന്നു തുള്ളി വീഴുന്ന പ്രതീതി.

“മാഷോട്‌ ഇത്തിരി നേരത്തെ വീട്ടിലേക്കു വരാൻ ലീലേടത്തി പറഞ്ഞു.”

ഉച്ചക്ക്‌ ശേഷം രണ്ടാമത്തെ പിരീഡിന്‌ ബെല്ലടിച്ചപ്പോഴാ തെക്കേ വീട്ടിലെ ചെക്കൻ ആപ്പീസിന്റെ വാതിൽക്കലോളം വന്നു എത്തി നോക്കി പറഞ്ഞു പോയത്‌. വയസ്സ്‌ പത്തായിട്ടും കളിച്ചു നടക്കുന്ന ആ അസത്ത്‌ ചെക്കൻ സ്‌കൂളിന്റെ പടി വല്ലപ്പോഴുമേ കയറൂ, അതെങ്ങനെ ‘വിത്ത്‌ ഗുണം പത്തു ഗുണം.’ വള്ളി ട്രൗസറിന്റെ ഒരു വള്ളി മാത്രം ഇടതു ചുമലിൽ, മറ്റേതു ഞാന്നു കിടന്നിരുന്നു. അകത്തേക്ക്‌ ഓടി കയറുമ്പോ കൈയിൽ കറങ്ങി കൊണ്ടിരുന്ന ഓല പമ്പരം, ഓട്ടത്തിന്റെ വേഗം കുറഞ്ഞാൽ കറക്കം തീർന്നാലോ എന്ന്‌ കരുതി…. എന്തിനാണെന്ന്‌ ചോദിച്ചത്‌ പോലും കേൾക്കാതെ ചെക്കൻ തിരിച്ച്‌ ഓടി. എന്തിനാവും? കാലത്ത്‌ സ്‌കൂളിലേക്ക്‌ പറപ്പെടും മുമ്പ്‌ കണ്ണിലൊരു തളർച്ച ഉണ്ടായിരുന്ന കാര്യം അപ്പോഴാണ്‌ ഓർത്തത്‌, എല്ലാന്നത്തെയും പോലെ പടിക്കലോളം വന്നുമില്ല, മുറ്റത്തേക്ക്‌ ഇറങ്ങാതെ ചോറ്റുപാത്രം കൈയിൽ തന്ന്‌ അകത്തേക്ക്‌ കയറിപോയി. വിശേഷിച്ചു എന്തെങ്കിലും? ഒറ്റക്കാണ്‌, പുതുക്കമായത്‌ കൊണ്ടു അയൽപക്കക്കാരുമായി അധികം അടുപ്പം ആയില്ല കടിഞ്ഞൂൽ ആയത്‌ കൊണ്ടു കാര്യങ്ങളെപറ്റി വലിയ നിശ്ചയം ഇല്ല.

പ്യൂൺ ശങ്കരൻ അനുവാദം ചോദിച്ചു നേരത്തെ തന്നെ ഇറങ്ങിയിരുന്നു. ഹാജർ പുസ്‌തകങ്ങൾ തിരിച്ചെടുത്തു അടുക്കി വെച്ചു. മുറി അടിച്ചു വൃത്തിയാക്കി, കഴുക്കോലിൽ കെട്ടിത്തൂക്കിയ മണി നീട്ടിയടിച്ച്‌ ‘മണി അടിക്കുന്ന ഇരുമ്പ്‌ വടി പിള്ളാർക്ക്‌ കിട്ടാത്ത ഇടത്ത്‌ മാറ്റി വെച്ചു. കാലൻ കുട കക്ഷത്തിൽ വെച്ചു ശങ്കരൻ പോയിട്ടും മാഷിനു ഇറങ്ങാൻ പറ്റിയില്ല. നാലാം ക്ലാസ്‌വരെയുള്ള സ്‌കൂൾ ആയതുകൊണ്ടു ഉത്തരവാദിത്വം കുറവല്ല. മുറി പൂട്ടി കഴിഞ്ഞു പടി ഇറങ്ങുമ്പോഴാണ്‌ ശങ്കരൻ കോലായുടെ മൂലയിൽ മറന്നു വെച്ച കത്തി കണ്ണിൽ പെട്ടത്‌. ജോലിത്തിരക്കിനിടയിൽ ഇത്തിരി നേരം തരപ്പെട്ടാൽ ശങ്കരൻ മാഷമ്മാരുടെ കണ്ണിൽ പെടാതെ ഇരുന്നു ഒരു ബീഡി പുകക്കുന്ന ഇടമാണത്‌. ബീഡിക്കുറ്റിയും സാധു ബീഡിയുടെ കവറും മുൻപും കണ്ണിൽ പെട്ടെങ്കിലും കാര്യമാക്കിയില്ല. ആർക്കും ചേതമില്ലാത്ത ആ സുഖം കെടുത്തി കളയണ്ട എന്ന്‌ കരുതി. വാതിൽ തുറക്കാൻ മെനക്കെടാതെ കത്തി ജനാലയിലൂടെ അകത്തേക്കിട്ടു.

പടി ഇറങ്ങുന്നതിനു മുൻപ്‌ കോമ്പൗണ്ടിനു ചുറ്റിലും ഒന്ന്‌ നടന്നു നോക്കുന്ന പതിവ്‌ ഇന്നും തെറ്റിച്ചില്ല. കാലത്ത്‌ മുറ്റവും ക്ലാസ്സ്‌ മുറികളും തൂത്ത്‌ വാരി. ഓഫീസ്‌ മുറിയിൽ വെള്ളം കോരി വെച്ചു ഉപ്പുമാവുണ്ടാക്കി കുട്ടികൾക്ക്‌ കൊടുത്തു കഴിഞ്ഞു കാർത്യായനി ഉച്ചയോടെ സ്‌ഥലം വിടും. ഈ ചുറ്റി നടപ്പിനിടയിലാണ്‌ അവരുടെ മറവി കണ്ടു പിടിക്കുന്നത്‌. ഉപ്പുമാവിനുള്ള ഗോതമ്പും നെയ്യും വെച്ച സ്‌റ്റോർ റൂമിന്റെ വാതിൽ അടക്കാൻ മറക്കും, ഒരാഴ്‌ചക്ക്‌ ഉപ്പുമാവ്‌ ഉണ്ടാക്കാനുള്ള വഹ എലികൾ നശിപ്പിക്കും. കിണറ്റു കരയിൽ നിന്നു തൊട്ടി എടുത്തു മാറ്റാതെ പട്ടിയും പൂച്ചയും നക്കി വൃത്തികേടാക്കും. പിറ്റേന്ന്‌ പിടിപ്പതു ചീത്ത കേട്ടാലും വലിയ വിശേഷം ഒന്നുമില്ല. “പിന്നെയും ചങ്കരൻ തെങ്ങുമ്മ തന്നെ.” സ്‌കൂൾ കോമ്പൗണ്ടിനു മൂന്നു ചുറ്റിലും ചെമ്പരത്തി ചെടി കൊണ്ടാണ്‌ വേലി. കാലങ്ങൾ കൊണ്ടു വളർന്നു ചിലത്‌ മരമായിരിക്കുന്നു. വടക്ക്‌ വശം വേലി കെട്ടിയില്ല. പിള്ളാരുടെ മൂത്രപുരയും ബാക്കി ഭാഗത്ത്‌ ഒരു കുന്നോളം പോന്ന വേസ്‌റ്റ്‌ കൂമ്പാരവും. പിള്ളാരുടെ ഉച്ച ഭക്ഷണത്തിന്റെ ശേഷിപ്പുകൾ വാഴ ഇലചീന്തുകളും പൊട്ടിയ പാത്രങ്ങളും ചിരട്ടയും, ആണ്ടിലൊരിക്കൽ ഏയ്‌.ഈ.ഓ ഇൻസ്‌പെക്ഷന്‌ വരുമ്പോ ആ ഭാഗം ഒരു തലവേദന ആണ്‌. പിന്നെ ഒരു നല്ല കാര്യം’ ആ ഭാഗത്ത്‌ വേലി കെട്ടാതെ ഒത്തു. മുറ്റത്ത്‌ പന്തലിച്ചു നിൽക്കുന്ന മാവിൽ പിള്ളേർ ഊഞ്ഞാൽ കെട്ടി ആടിയും ബഹളം വെച്ചും ഉരുണ്ടു വീണും സിമന്റ്‌ ഇട്ടപോലെ ഉറച്ചു കുഴിയായി മാറിയിരിക്കുന്നു…. മുറ്റമാകെ പടർന്നു പന്തലിച്ച്‌ ഓടിന്റെ മേലേക്കും തണൽ വിരിച്ചു മൂവാണ്ടൻ മാവ്‌. ഉണക്കയിലകൾ വീണ്‌ മുറ്റം രണ്ടു തവണ അടിക്കേണ്ടി വരുന്ന കാർത്യായനിയുടെ പ്രാക്ക്‌ കേട്ടില്ലെന്നു നടിക്കും, വെട്ടി മാറ്റാൻ എളുപ്പാ, ആദ്യം ഈ സ്‌കൂളിൽ കാൽ വെച്ചു കയറിയ അന്നുണ്ട്‌ ഇവൻ അന്ന്‌ തന്നോടൊപ്പം ഉയരമുള്ള മാവിന്റെ തളിരാണോ, അതേ നിറമുള്ള ഒരു സാരിത്തലപ്പിലാണോ ആദ്യം കണ്ണ്‌ ഉടക്കിയത്‌. കളഭക്കുറിയുടെ പൊൻ നിറം, നേർത്ത പുഞ്ചിരിയും മന്ത്രിക്കുന്ന പോലത്തെ വാക്കുകളും “രാഘവൻ മാഷല്ലേ, ഏട്‌ മാഷ്‌, കാലത്തെ തൊട്ടു കാത്തിരിക്വ ആഫീസ്‌ മുറിയിലുണ്ട്‌” ഋതുക്കൾ മാറി മാറി വന്നു, തളിരിട്ടു….. മാവ്‌ പലവട്ടം, പക്ഷെ പൂവ്‌ വിരിഞ്ഞത്‌ എത്തിപിടിക്കാൻ ആവാത്ത ഉയരത്തിൽ മാങ്കനികൾ ദൂരെ നിന്നു നോക്കി നിൽക്കേണ്ടി വന്നു. മാവിലകൾ പോലെ കാലം കൊഴിഞ്ഞു പോയപ്പോ മാന്തളിരിന്റെ നിറമുള്ള ചേല തുമ്പ്‌ മനസ്സിൽ മാത്രം, മുറ്റമാകെ പടർന്നു നിൽക്കുന്ന മാവിന്റെ തണൽ മാത്രം ബാക്കി.

ഇന്ന്‌ മാന്തളിരും മാമ്പൂവും കാണാൻ മേലോട്ട്‌ നോക്കണം. പിടലി അനുവദിക്കില്ല, തല കറക്കം തോന്നും. കാലം നിഷേധിച്ച കാഴ്‌ചകളിലൊന്ന്‌, ആകാശ വട്ടിയിൽ വിതറിയ നക്ഷത്രങ്ങളും അച്ഛന്റെ തോളിൽ ഒപ്പം നടന്നിരുന്ന അമ്പിളിമാമനും, തലയ്‌ക്കു നേരെ മേലെ തെന്നി മാറി ചലിക്കുന്ന തുമ്പികളും ഓർമയിൽ മാത്രം. താഴത്തെ ചില്ലകൾ; മണ്ണിലേക്ക്‌ ചാഞ്ഞു നിലം താട്ടു തൊട്ടില്ല എന്ന മട്ടിൽ, പിള്ളാരാരും കാണില്ലെങ്കിൽ ആരും ഇത്തിരി ഇരുന്നു ആടി പോകും. കണ്ണു തെറ്റുമ്പോ മരം കയറ്റം ശീലിച്ചു കൊല്ലത്തിൽ ഒരുത്തന്റെ എങ്കിലും കയ്യോ കാലോ ഒടിയും, ഡ്രിൽ മാഷുടെ കാര്യശേഷി കൊണ്ടു ഒരു കേസ്‌ പോലും ആശുപത്രി എത്തിക്കാതെ തരപ്പെടും. അയാളുടെ ഫസ്‌റ്റ്‌ എയ്‌ഡ്‌ ബോക്‌സിൽ ഒരു വിധം സാമഗ്രികൾ ഒക്കെ ഉണ്ടാവും. വീട്ടിലും മൂപ്പർ അത്യാവശ്യം ചികിത്സകൾ ചെയ്യുന്നുണ്ടെന്ന്‌ കേൾക്കുന്നു. ഒന്നിനും ചെവിക്കൊടുക്കാറില്ല. അല്ലെങ്കിലും മരപ്പലകകൾ കൊണ്ടു പേരിനൊരു ഗേറ്റ്‌ ആളില്ലാത്തപ്പോ ആടും പശുവും കയറി നിരങ്ങില്ല, ഏറിയാൽ മൂന്നു ഫാർലോങ്ങ്‌ നടന്നാൽ വീടായി. മുണ്ട്‌ കയറ്റിപ്പിടിച്ചു നീല കരയുള്ള തോർത്ത്‌ മുണ്ട്‌ കൊണ്ട്‌ മുഖം തുടച്ചു, വിയർപ്പു കണങ്ങൾ ഊറി വരുന്ന കഷണ്ടിയും. കരയെ കടലെടുത്തുപോയി എന്ന്‌ പറഞ്ഞപോലെ ചീകി ഒതുക്കാനുള്ള മുടി പേരിനെ ഉള്ളൂ. ലെതർ ബാഗ്‌ കുട്ടികൾ പുസ്‌തകം പിടിക്കുന്ന രീതിയിലാണ്‌ മാഷ്‌ പിടിക്കുന്നത്‌. വള്ളികളിൽ പിടിക്കാറില്ല. ആഞ്ഞൊന്നു പിടിച്ചാൽ പത്തു മിനിറ്റ്‌ ഇടത്തോട്ടും വലത്തോട്ടും വളവു തിരിഞ്ഞാൽ വയലായി, വയലിനക്കരെ, ചാഞ്ഞു നിൽക്കുന്ന തെങ്ങുകൾക്കിടയിലൂടെ വീട്ടിലേക്കുള്ള ചെങ്കല്ല്‌ പടികൾ കാണാം. വീതി കുറഞ്ഞ വയൽ വരമ്പിലേക്ക്‌ കയറുമ്പോ വയിലിനക്കരെ ദൂരെ ദൂരെ നിന്നും ഒഴുകി വരുന്ന പാട്ട്‌. രണ്ടു വീട്‌ വടക്ക്‌ ആശാരി സഹദേവന്റെ വീട്ടിൽ കല്യാണം. രണ്ടാഴ്‌ച മുൻപ്‌ കല്യാണം ക്ഷണിക്കാൻ വന്ന സഹദേവന്റെ അമ്മ ആശാരിച്ചി ദേവകി അർഥം വെച്ചു നോക്കിയതും ആ നോട്ടത്തിനു മുൻപിൽ ഒന്ന്‌ ചൂളിയപ്പോയതും ഓർത്തു. “ഈ പ്രായത്തിലും?” ഒന്നുമറിയാതെ വലിയ വയറും വെച്ചു ലീല അകത്തേക്ക്‌ കയറി പോയി. കല്യാണ വീട്ടിൽ കളം വെച്ച്‌ പാട്ട്‌ നേരത്തെ തുടങ്ങി. ഈന്തോല കൊണ്ടു മുറ്റത്തെ തിണ്ടിനു ചുറ്റും അരക്കൊപ്പം അലങ്കരിച്ച്‌ പന്തലിലേക്ക്‌ കയറാൻ രണ്ടു വശത്തും ചെന്തെങ്ങിൻ കുലയോ വാഴക്കുലയോ വെച്ചു കെട്ടുകയാവും, പന്തൽ പണിയുടെയും സദ്യ വട്ടത്തിന്റെയും തിരക്കിലാവും. പത്തു നൂറു നാളികേരം വെട്ടി കൂട്ടി, തേങ്ങ ചിരകി വാഴ ഇലയിൽ കൂമ്പാരംകൂട്ടി, വാല്യക്കാരും മദ്ധ്യവയസ്‌കരും ഒരു പോലെ. തേങ്ങ അരവും കറിക്ക്‌ കഷണം നുറുക്കും രാവേറെ ചെല്ലും വരെ തൊടിയിലും മുറ്റത്തും കത്തിച്ചുവെച്ച പെട്രോ മാക്‌സ്‌ വിളക്കുകളും ചുറ്റി പറക്കുന്ന പാറ്റകളും, അമ്മിയിൽ തേങ്ങ അരവും കറി നുറുക്കും ഒപ്പം നാടൻ പാട്ടും, ലേശം അശ്ലീല ചുവയുള്ള തമാശകളും. ലേശം ലഹരി കൂടി ഉണ്ടെങ്കിൽ സംഗതി കൊഴുക്കും. തിരിയുന്ന കറുത്ത വട്ടത്തിൻമേൽ സൂചി ഒഴുകുമ്പോൾ ശബ്‌ദമായി മാറുന്ന അത്ഭുതം, റിക്കാർഡ്‌ പ്ലേറ്റിലെ നേരിയ പൊട്ടലുകൾ ഉണ്ടാക്കുന്ന ആവർത്തനവും, ബാറ്ററി വീക്ക്‌ ആയി വേഗം കുറയുമ്പോ ഉണ്ടാവുന്ന തമാശകളും, കളത്തിൽ നോക്കികൊണ്ടു നിൽക്കുന്ന പട്ടിയും…. കാഴ്‌ചകൾ കണ്ടു നിൽക്കുന്ന പിള്ളാരുടെ ശല്യം കൊണ്ടു പൊറുതിമുട്ടിയ പാട്ട്‌ വെപ്പുകാരൻ.

കാര്യമായി സഹായിക്കാൻ ഒന്നും പറ്റിയില്ലെങ്കിലും വൈകിട്ട്‌ ഒന്ന്‌ കയറി ഇറങ്ങണം.

കാറ്റിന്റെ ദിശക്കൊത്ത്‌ പാട്ട്‌ ചിലപ്പോ ഒപ്പം കൂടി, ചിലപ്പോ അകന്നു പോയി. കൊയ്‌ത്തു കഴിഞ്ഞപാടം വിണ്ടുകീറി നീണ്ടു നിവർന്നു കിടന്നു, കൊയ്‌ത്തു തീർന്ന നെല്ലിന്റെ കുറ്റികൾ അവിടവിടെ. ഉണക്കപ്പുല്ലിന്റെ അരികൾ പറ്റി പിടിക്കാതിരിക്കാൻ മാഷ്‌ ഖദർ മുണ്ട്‌ പൊക്കി പിടിച്ചു. വരമ്പിന്റെ വക്കിൽ പുല്ലുകൾ ഉണങ്ങി കരിഞ്ഞിരുന്നു, ദൂരെ തോട്ടിനരികിൽ വെള്ളരിയുടെ പച്ചപ്പ്‌, കൊച്ചു പന്തൽ കെട്ടി കയ്‌പ വള്ളികൾ പടർത്തിയത്‌ ദൂരെ നിന്നു കൊച്ചു കുടിലുകൾ പോലെ. അക്കരെ തെങ്ങുകൾക്കിടയിൽ പുക ഉയരുന്നു. ഗോവിന്ദൻകുട്ടിയുടെ പറമ്പിലാണ്‌ കാടും പടലും കൂട്ടിയിട്ടു കത്തിക്കുന്നതാവും, ആൾ അദ്ധ്വാനിയാണ്‌, ഒരിത്തിരി നേരം പോലും വെറുതെ കളയില്ല, വയലിൽ കട്ടകൾ പൊട്ടിച്ചു കുഴി കുത്തി ചാണകം പൊടിച്ചതും വെണ്ണീറും കലർത്തി ഇട്ടു കുഴി തയ്യാറാക്കി നടന്ന വെള്ളരിയും മത്തനും പൂവിടുന്നതും കായാവുന്നതും വരെ കാവലിരിക്കും. വെണ്ണീരു വിതറി പ്രാണികളെ ഓടിക്കും.

ഒരു പൂവൻ കോഴിയുടെ നീട്ടി കൂവൽ. ദൂരെ നിന്നു കണ്ടു മാഷുടെ വരവ്‌ അവൻ വിളിച്ചറിയിക്കുന്ന പോലെ ടോമിയെ പോലെ തന്നെ ചാത്തൻ കോഴികളും… കൈയ്യിൽ സമ്മാനം എന്തെങ്കിലും കാണും എന്നറിയാം. പടി കയറുമ്പോൾ തൊട്ടു തൊട്ടുരുമ്മി വാലാട്ടി മൂളിയും മുരളിയും കുരച്ചും കിതച്ചും വിശേഷം ചോദിച്ചു… മക്കളെ ഇര പിടിക്കുന്നത്‌ പഠിപ്പിക്കുന്നതിന്റെ തിരക്കിൽ തള്ളക്കോഴി മാഷേ ശ്രദ്ധിച്ചില്ല. പടിക്കലേക്കു വീണു കിടക്കുന്ന ഒരു ഉണക്കോല തെങ്ങിൻ ചോട്ടിലേക്ക്‌ വലിച്ചു മാറ്റി വെച്ചു. കുരുമുളക്‌ വള്ളികളിൽ കടും പച്ച ഇലകൾക്കൊപ്പം ഇളം പച്ച തളിരുകളും കുരു മുളകിന്റെ ഇളം പൊടിപ്പുകളും. തല്ലി ഉറപ്പിച്ചു ചാണകം മെഴുകിയ മുറ്റത്തിന്‌ അതിരിട്ടു നിറയെ നാല്‌ മണി പൂക്കൾ. നടു മുറ്റത്തെ തുളസി ഇലകളിൽ കറുത്ത പൊട്ടു തൊട്ടു പറന്നു നടക്കുന്ന ചുവന്ന പ്രാണികൾ. ഇന്നെന്താണാവോ തുളസിക്കും ചെടികൾക്കും നനക്കാഞ്ഞത്‌. നനവ്‌ പറ്റി നിൽക്കുന്ന ചെടികളും അടിച്ചു വാരി ചാണകം മെഴുകി വെള്ളത്തുള്ളികൾ വീണു കിടക്കുന്ന മുറ്റത്തേക്ക്‌ കയറുമ്പോ പാതി ക്ഷീണം ഓടി മറയും. ഇറയത്ത്‌ കയറുന്നതിനു മുൻപ്‌ കാലു കഴുകാനിട്ടിരിക്കുന്ന പരന്ന കരിങ്കല്ലിൽ കാലുരച്ചു കയറി കഴുക്കോലിൽ കോർത്തിട്ട തോർത്ത്‌ മുണ്ടിൽ മുഖം തുടച്ചു. ഓട്ടു കിണ്ടിയിൽ വെള്ളം പാതിയെ കണ്ടുള്ളൂ. മുഖം കഴുകി കുലുക്കുഴിയുന്ന ശബ്‌ദം കേൾക്കുമ്പോഴേക്കും വാതിൽക്കൽ എതിരേൽക്കുന്ന മുഖം കണ്ടില്ല. “അകത്തേക്ക്‌ വരൂ, എനിക്കങ്ങോട്ട്‌ വരാൻ പറ്റില്ല നെഞ്ചിൽ ഒരു ആളൽ, പടിഞ്ഞാറ്റയിൽ കട്ടിലിൽ പുറം തിരിഞ്ഞു കിടക്കുകയായിരുന്നു. കാലടി ഒച്ചയുടെ ധൃതിയിൽ നിന്നു വെപ്രാളം ഊഹിച്ചു കാണും. ”ഇന്നും വരാൻ വൈകുമോ, സന്ധ്യ ആവ്വോ എന്ന്‌ പേടിച്ചു. കണ്ണടക്കൂ, കൈ രണ്ടും നീട്ടൂ, ഒരു സമ്മാനം തരാം. “ രണ്ടു കൈകളിലേക്ക്‌ ഏറ്റു വാങ്ങിയ സമ്മാനം വാങ്ങി ഇറയത്ത്‌ വന്നു. സന്തോഷാശ്രു വീണു നനഞ്ഞ നാല്‌ മണി പൂവ്‌ കൈയിൽ മെല്ലെ ഇതൾ അനക്കി. പുറത്തു കുരുമുളക്‌ വള്ളികളിൽ വീണു കിടന്ന വെയിലിനു ഇളം മഞ്ഞനിറം. ”സന്ധ്യ ആയില്ല. അസ്‌തമിക്കാൻ ഇനിയും ഏറെ നേരമുണ്ട്‌“. അറിയാതെ ഒരിക്കൽ കൂടി മനസ്സ്‌ മന്ത്രിച്ചു.

വയനാടൻ ഓർമ്മ

http://www.puzha.com/blog/magazine-purushothaman_kk-essay1_mar13_10/

രണ്ടായിരത്തി പതിനൊന്നിൽ പുഴ മാഗസിനിൽ പ്രസിദ്ധീകരിച്ചത്

****************************************************

ഒരുപാട്‌ കാലം മുൻപ്‌ ഒരു പുലർകാലം, നേരിയ മഞ്ഞു വീണു കിടക്കുന്നുണ്ടായിരുന്നു മുറ്റത്തെ പുല്ലിൽ. അടിച്ചു വാരിയിട്ടു കുറെ നാളുകൾ ആയിക്കാണും കരിയിലകൾ ഒരു പാട്‌ മുറ്റത്ത്‌. നേരത്തെ തന്നെ ഉറക്കം പോയതോ, പക്ഷികളുടെ പാട്ടിന്റെ കോലാഹലത്തിൽ ഉണർന്നു പോയതോ. വീതി കുറഞ്ഞ വരാന്തയിൽ വെച്ചിരുന്ന ചൂരൽ കസേരകൾ ഒരു വശത്തേക്ക്‌ മാറ്റി, ചുവന്ന സിമന്റു തേച്ച തിട്ടയിൽ പുറത്തേക്കു കാലിട്ട്‌ ഇരുന്നു. മഞ്ഞിൽ നനഞ്ഞ സിമന്റിന്റെ തണുപ്പ്‌ ചന്തിയിൽ, ഉടുത്ത കൈലി നനഞ്ഞത്‌ അപ്പോൾ അറിഞ്ഞുള്ളു, നേരിയ ഇരുട്ട്‌ വെളിച്ചത്തിന്‌ വഴിമാറുന്നെ ഉണ്ടായിരുന്നുള്ളു. പുതിയ സ്‌ഥലം, വീട്‌, മുറി ശരിക്കുറങ്ങിയില്ല. ഇന്നലെ രാത്രി അവസാനത്തെ ബസിനുവന്നിറങ്ങിയതാണ്‌. ഈ ആശുപത്രി കണ്ടെത്താൻ ഒട്ടും പണിപ്പെടേണ്ടി വന്നില്ല. കാരണം ഡോക്‌ടർ സണ്ണി ഇവിടത്തെ രണ്ടു തലമുറകളുടെ ഡോക്‌ടർ മാത്രമല്ല ഇവിടത്തെ ആദിവാസികളുടെ, കുടിയേറ്റക്കാരുടെ സർവ്വ കാര്യങ്ങളിലും ഭാഗമാണ്‌. ആശുപത്രിക്ക്‌ പുറകിലെ ഈ വീടും, കാലിത്തൊഴുത്തും, നീണ്ടനിരയായി കൂട്ടിലിട്ട ലവ്‌ബേർഡ്‌സും അതിനു പുറകിലെ പത്തേക്കർ തോട്ടവും. കഥകൾ പറഞ്ഞു തന്നത്‌ അവസാന ബസിൽ ഞാൻ വരുന്നത്‌ കാത്ത്‌ നിന്ന കുഞ്ഞിചെക്കനാണ്‌. വയനാട്ടിലെ മുഴുവൻ കാര്യങ്ങളും ഒരു ദിവസം കൊണ്ടു പറഞ്ഞു തരേണ്ടത്‌ തന്റെ കടമ ആണെന്ന്‌ വിശ്വസിക്കുന്നപോലെ തോന്നി, അതോ യജമാന സ്‌നേഹം കൊണ്ടോ. പറഞ്ഞത്‌ മുഴുവൻ സണ്ണി ഡോക്‌ടറെപറ്റി, ദൂരെയുള്ള എസ്‌റ്റേറ്റുകളെ പറ്റി. കുട്ടികൾ ഉണ്ടാവാത്തതിന്റെ കാരണം ചേച്ചിയുടെ കുഴപ്പമാണെന്നും വീട്ടിലേക്ക്‌ എത്തുന്ന ഇത്തിരി വഴിയിൽ വെച്ചു തന്നെ പറഞ്ഞു തീർത്തു. നേരത്തെ എനിക്ക്‌ വേണ്ടി ഉണ്ടാക്കിവെച്ച ഭക്ഷണം തന്നു, പാത്രം കഴുകി കിടക്ക വിരിച്ചുവെച്ചു. ബാത്ത്‌ റൂമിലെ വലിയ സിമന്റ്‌ ഭരണിയിൽ വെള്ളം പിടിച്ചു വെച്ചു. പോകുന്നതിനു മുമ്പ്‌ കൈയിലെ നാല്‌ ബാറ്ററി ടോർച്ച്‌ നീട്ടിയടിച്ച്‌ പുറകിലെ തോട്ടത്തിന്റെ വിശാലതയെപ്പറ്റി, പന്നി കൂടിനെ പറ്റി, കഴിഞ്ഞയാഴ്‌ച വെച്ചു പിടിപ്പിച്ച കുരുമുളക്‌ വള്ളിയെ കുറിച്ചും വാചാലനായി. സ്വന്തം കൈകൊണ്ടു നട്ടു നനച്ചു വളർത്തിയതിന്റെ അഭിമാനം. ഓർമ വെക്കാത്ത നാളിൽ ഈ വീട്ടിൽ വന്നു കയറിയതാണ്‌. ഇപ്പൊ കാവലും, തോട്ടക്കാരനും, ഡോക്‌ടറുടെ സഹായിയും, ചിലപ്പോ അനുഭവിച്ചിട്ടില്ലാത്ത മാതൃ പുത്രാ ബന്ധം പരസ്‌പരം പറയാതെ അനുഭവിക്കുന്നതും. കുഞ്ഞിചെക്കന്‌ ആ വീടുമായുള്ള ബന്ധത്തിന്റെ, അല്ലെങ്കിൽ സ്‌ഥാനത്തിന്റെ നിർവചനം തേടിയ ഞാൻ ഒരു മണ്ടൻ എന്ന്‌ സ്വയം പറഞ്ഞു. കുഞ്ഞിചെക്കൻ നീണ്ട ടോർച്ചു ലൈറ്റ്‌ തെളിച്ച്‌ ആശുപത്രിയിലേക്ക്‌ പോയ ശേഷമാണ്‌ ഞാൻ കിടന്നത്‌. ഡോക്‌ടറും ത്രേസ്യ ചേടത്തിയും ചങ്ങനാശ്ശേരി തറവാട്ടിൽ നിന്നു തിരിച്ചു വരുന്നത്‌ വരെ ഈ തോട്ടവും വീടും ആശുപത്രിയും നോക്കി നടത്തേണ്ട ചുമതല കുഞ്ഞി ചെക്കന്റെയും (എന്റെയും ഞാൻ എന്റെ ദൗത്യം മറന്നോ? ആശുപത്രി കിടത്തിയ പ്രസവ കേസുകളടക്കം പത്തിരുപതു പേരും, രാവും പകലും വരുന്ന എല്ലാ കേസുകളും വരുന്ന മൂന്നു ദിവസം എന്റെ പൂർണ ഉത്തരവാദിത്വം ആണെന്നു). ഭാഗ്യത്തിന്‌ ലേബർ റൂമിൽ പോസ്‌റ്റിങ്ങ്‌ കഴിയുന്നതിനു മുൻപ്‌ രണ്ടു മൂന്നു പ്രസവ കേസുകൾ എടുത്തിട്ടുണ്ട്‌. ചെറൂപയിൽ കഴിഞ്ഞ ദിവസം രാത്രി വന്ന ഒരു കേസ്‌ ഒറ്റയ്‌ക്ക്‌ പോയി പ്രസവമെടുത്ത ആത്‌മവിശ്വാസവും. ഒട്ടും താല്‌പര്യമുണ്ടായിരുന്നില്ല, സ്‌ഥിരം ജീ.പീ.കാർ ആരും സ്‌ഥലത്തില്ലാത്തത്‌ കൊണ്ടു തലയിൽ പെട്ടതാണ്‌. ഇൻജക്‌ഷന്‌ ഒ.പി. ഞങ്ങൾ നോക്കിക്കോളാം എന്ന്‌ പറഞ്ഞു ആശംസിച്ചയച്ചത്‌ ഈ സി ആണ്‌. ഗുരുവിന്റെ ആശംസയോടെ ആദ്യത്തെ ജി പി വയനാടൻ ചുരം കയറിയായി.

ദൂരെ നിന്നു ജീപ്പ്‌ വരുന്ന ശബ്‌ദം കേൾക്കുമ്പോ നെഞ്ചിടിക്കും. ആരായിരിക്കും നെഞ്ചുവേദന ആവാതിരുന്നാൽ മതി. മെഡിസിന്‌ പോസ്‌റ്റിങ്ങ്‌ ആദ്യം ആയിരുന്നെങ്കിൽ ചെരൂപ ജീ.പീ ക്കാർക്ക്‌ ആത്‌മവിശ്വാസം കൂട്ടിയേനെ. ഭാഗ്യം രാത്രി ഒരൊറ്റ കേസും വന്നില്ല. ആശുപത്രിയിൽ നിന്നും കുഞ്ഞിചെക്കൻ വിളിക്കാൻ വന്നുമില്ല. കാത്തു കാത്തിരുന്നു ഉറക്കം കളഞ്ഞത്‌ മെച്ചം. നേരം വെളുത്തിരുന്നു. ദൂരെ മഞ്ഞുമൂടിയ മലകൾ. മലകൾക്കിടയിൽ നൂല്‌പോലെ വെള്ളച്ചാട്ടം. ഇന്നലെ കുഞ്ഞിചെക്കന്റെ ടോർച്ചുവെളിച്ചത്തിൽ കണ്ട തോട്ടമല്ല. പച്ചപ്പുല്ല്‌ ചേമ്പും ചേനയും, കവുങ്ങും കാപ്പിയും. തോട്ടം നിറയെ നനക്കാനുള്ള പൈപ്പുകൾ. ഇത്തിരി ദൂരെ തൊഴുത്തും ഒരുപാട്‌ പശുക്കളും ഉള്ള കാര്യം ഇപ്പോഴാണ്‌ കണ്ടത്‌. ചാണകം ഉണക്കി പൊടിച്ചു വെച്ചിരിക്കുന്നു. മുറ്റത്തെ തെക്കേ അറ്റത്ത്‌ ഒരുപാട്‌ റോസാ ചെടികൾ. മഞ്ഞുവീണ റോസാ പൂക്കൾ എന്നെ വരവേൽക്കാനെന്ന പോലെ തലയാട്ടി.

“സാർ, കാപ്പി.”

ഒരു പതിനാല്‌കാരി പെൺകുട്ടി തിരിഞ്ഞു നോക്കിയപ്പോഴാണ്‌ അവൾ എന്റെ മുഖം കണ്ടത്‌. ഇത്‌ തന്നെയോ ഡോക്‌ടർ. മുഖത്തെ അത്‌ഭുത ഭാവം വായിച്ചെടുത്തു. മീശ മുളക്കാത്ത ചെക്കനെ സാർ എന്ന്‌ ഇനി വിളിക്കണോ എന്ന്‌ ആലോചിച്ചാവാം സിമന്റു തിട്ടയിൽ സ്‌റ്റീൽ പാത്രം വെച്ചു അവൾ ഓടിപോയി.

കഴുത്തിലെ കുഴലിനെ കുറിച്ച്‌ ഇത്രമാത്രം അഭിമാനം തോന്നിയ നിമിഷങ്ങൾ മുൻപോ പിൻപോ ഉണ്ടായിട്ടില്ല. അത്‌ നെഞ്ചിൽ വെച്ചാൽ എല്ലാം അറിയാം. മനസ്സിന്റെ വേദനകളും വേവലാതികളും വരെ, മനസ്സിലെ വിചാരങ്ങൾ വരെ. ഇത്ര നാളുകൾക്കുശേഷം ആലോചിക്കുമ്പോൾ അവർ ചിന്തിച്ചതാണ്‌ ശരി. നമ്മുടെ കുഴൽ രോഗം മനസ്സിലാക്കുന്നതിനെക്കാൾ അത്‌ നല്‌കുന്ന ആത്‌മവിശ്വാസവും സാന്ത്വനവും ആണ്‌ അവരിലെ അസുഖം മാറ്റിയത്‌ എന്ന്‌ തിരിച്ചറിയുന്നു. ഏറെ വൈകി. ഒരു പക്ഷെ പത്തുവർഷം കഴിയുമ്പോൾ നമ്മൾ യേശുദേവനെ പോലെ (വാക്കും നോക്കും തലോടലും കൊണ്ടു രോഗം മാറ്റുന്നവരായി മാറും. കുരുടന്‌ കാഴ്‌ച കൊടുക്കുന്ന മുടന്തനെ നടത്തിക്കുന്ന ദിവ്യത്വം, അറിവ്‌ കൂടുമ്പോഴല്ല, മനസ്സിൽ നന്മയും സ്‌നേഹവും കൂടുമ്പോൾ അറിവിന്‌ മേലേയുള്ള ഒരു ശക്തി കൈകളിലേക്ക്‌ കടന്നു വരുന്നതായി അനുഭവിക്കുന്നു.)

നെഞ്ചിൽ കുഴൽ വെച്ചു എന്ത്‌ പറഞ്ഞാലും അനുസരിച്ച്‌ അവസാനം വരെ മുഖത്ത്‌ നിന്നും കണ്ണെടുക്കാതെ, ശരിക്കും ഞാൻ ഒന്നും കേട്ടില്ല. ശരീരത്തിന്റെ എണ്ണക്കറുപ്പും കാതിലെ തോടയും കഴുത്തിൽ കെട്ടിയ പുലിനഖവും രുദ്രാക്ഷവും, മുഷിഞ്ഞ തോർത്ത്‌ മുണ്ടും തൂങ്ങിയാടുന്ന മുലകളും മുഖത്തെ ചുളിവുകളും ചുണ്ണാമ്പു പുരണ്ട വിരലുകളും മാത്രം ശ്രദ്ധിച്ചു. ഞാൻ പഠിച്ച ശാസ്‌ത്രം അവിടെ പ്രയോഗിക്കനുള്ളതല്ല എന്ന സത്യം ഞാൻ അറിഞ്ഞു. മൂന്നുമണി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോ പന്നിയിറച്ചിയും ചോറും കപ്പയും. അത്‌ കഴിച്ചു നേരിയ ഒരു മയക്കത്തിന്‌ നേരം കിട്ടി, ഇന്നലത്തെ ഉറക്കക്ഷീണം മാറി. ഒന്ന്‌ കുളിച്ചു കളയാം എന്ന്‌ കരുതിയപ്പോ കുഞ്ഞുചെക്കന്‌, കുളി പുഴയിൽ നിന്നാവാം, നമ്മുടെ തോട്ടത്തിനു പടിഞ്ഞാറ്‌ പുഴയാണ്‌. എനിക്കുൽസാഹം. കൈയ്‌ലി ഉടുത്തു ഒരു തോർത്തുകെട്ടി കാപ്പിതോട്ടത്തിലൂടെ പുഴയിലേക്ക്‌. കുഞ്ഞിചെക്കൻ ഇടയ്‌ക്കിടെ അപ്രത്യക്ഷമാവും. വഴിയിൽ നിന്നും വ്യതിചലിക്കുന്നത്‌ ഓരോ ചേമ്പും ചേനയും ചെടിയും പുഴുവിനെ പിടിച്ചു ഇല നുള്ളി ചാഞ്ഞു നില്‌ക്കുന്ന വാഴയ്‌ക്ക്‌ ഊന്നു കൊടുത്തു, കൈയ്യിലുള്ള കൊടുവാൾ കൊണ്ടു ചില്ലകൾ വെട്ടി. അറിയാതെ എനിക്കു തോന്നി ഒരു വാക്കത്തി കൈയിൽ കരുതാമായിരുന്നു. വഴിയിൽ ഒരു പേര മരത്തിൽ കയറി പേരക്ക പൊട്ടിച്ചു വാക്കത്തികൊണ്ടു തോൽ ചെത്തി ഒപ്പം തിന്നുമ്പോ എനിക്ക്‌ തോന്നി അത്‌ കുഞ്ഞിചെക്കനല്ല. ഞങ്ങൾ രണ്ട്‌ ബാല്യകാല സുഹൃത്തുക്കൾ “ഒരിക്കൽ കൂടി തൊടിയിലെ കായ്‌ക്കെന്തുമധുരം.” പങ്കുവെക്കുന്ന പോലെ. പുഴ ആഴമില്ലാതെ വെള്ളാരം കല്ലുകൾ കരയിൽ നിറയെ, തെളിവെള്ളത്തിലൂടെ വെള്ളാരം കല്ലിലെ പായലിൽ ചവിട്ടി കഴുത്തോളം വെള്ളത്തിൽ നിന്നു പടിഞ്ഞാറൻ സന്ധ്യയുടെ ചുവപ്പിലേക്ക്‌ നോക്കി നിൽക്കുമ്പോ കുഞ്ഞിചെക്കൻ പറമ്പിലേക്ക്‌ മടങ്ങിയിരുന്നു. പുഴയിൽ ഞാനും വെള്ളത്തിനടിയിൽ എന്നെ തിന്നാൻ ശ്രമിക്കുന്ന കുഞ്ഞുമീനുകളും, ആകാശത്ത്‌ കൂടണയുന്ന പക്ഷികളും, പുഴക്കിരുവശവും കാടുകൾ മാത്രം. ഈ സന്ധ്യയുടെ ഭംഗി ഇന്ന്‌ എനിക്ക്‌ മാത്രം വരച്ചു വെച്ചതാണെന്നു ആരോ പറയുന്ന പോലെ.

ഇരുട്ടായിരുന്നു. വീട്ടിൽ എത്താൻ. ക്ഷമയോടെ കാത്തിരുന്ന അഞ്ചാറു പേർ ആശുപത്രിയുടെ പരിസരത്ത്‌ ഒരു പരാതിയും ഇല്ലാതെ, അല്ലെങ്കിലും ഒരു വെറ്റില മുറുക്കിന്‌ മാറ്റിക്കളയാനാവും അവരുടെ മടുപ്പിനെ, വീട്ടിലേക്കു മടങ്ങി പോവുമ്പോളാണ്‌ കറന്റ്‌ പോയത്‌. കുഞ്ഞിചെക്കൻ പറഞ്ഞു. “ഇന്നിനി നോക്കണ്ട. നാളെ പത്തുമണി വരെ മണ്ണെണ്ണ വിളക്ക്‌ തന്നെ ശരണം.” പ്രസവമോ മറ്റെന്തെങ്കിലും വന്നാൽ പെട്രോ മാക്‌സ്‌ ഉണ്ട്‌ ആശുപത്രിയിൽ. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു ഉർവശി ശാപം ഉപകാരം എന്ന്‌ പണ്ടുള്ളവർ പറഞ്ഞത്‌ ശരിക്കനുഭവപ്പെട്ടത്‌. ഈ നിലാവിന്റെ ഭംഗി വിളക്കിനുണ്ടായിരുന്നെങ്കിൽ നഷ്‌ടമായേനെ. ഒരു ചൂരൽ കസേര മുറ്റത്തേക്ക്‌ വലിച്ചിട്ടു. കണ്ണെത്താത്ത ദൂരത്തെ ചെടികളും മരങ്ങളും നിലാവിൽ കുളിച്ചുനിൽക്കുന്നു. അകലെ നിന്നു രാപക്ഷികൾ ഇടയ്‌ക്കു നീട്ടി പാടുകയോ വിളിക്കുകയോ. എവിടെനിന്നോ കുഞ്ഞിചെക്കൻ ഒരു പഴയ റേഡിയോ സംഘടിപ്പിച്ചു വന്നു. “മേരി സിസ്‌റ്ററുടെയാ, കഴിഞ്ഞതവണ ചേട്ടൻ വന്നപ്പോ കൊടുത്തതാ. സാറിവിടെ ഇരുട്ടത്ത്‌ ഒറ്റക്കിരിക്കുന്നത്‌ പറഞ്ഞു വാങ്ങിയതാ. നാളെ തിരിച്ചു കൊടുക്കാം. നല്ല പാട്ടുണ്ടാവും.” ഞാൻ ഒറ്റക്കിരുന്നു മടുപ്പാകുന്നു എന്ന വേവലാതി. അതിനു കണ്ട പരിഹാരം വിദ്യാഭ്യാസമില്ലാത്ത കുഞ്ഞിചെക്കൻ അന്ന്‌ പഠിപ്പിച്ച വലിയ പാട്ട്‌ “സുഹാനീ രാത്‌ ട്ടൽ ചുകീ, നാ ജാനേ തും കബ്‌ ആഒഗെ, തടപ്‌ രഹെ ഹി ഹാം യഹാം” റാഫിയുടെ മധുരശബ്‌ദം. കാമുകിയുടെ വരവ്‌ കാതോർത്തിരിക്കുന്ന കാമുകന്റെ ആ നിലാവിൽ കൈയിലെ കുഞ്ഞു റേഡിയോയിൽ നിന്നും നേരിയ ശബ്‌ദത്തിൽ ഒഴുകിയ പ്രേമഗാനം, ആ രാവു ഒരിക്കലും മറക്കാത്തതാക്കി.

ഓർമ്മകൾ

http://www.puzha.com/blog/magazine-purushothaman_kk-essay1_aug10_10/

രണ്ടായിരത്തി പതിനൊന്നു ആഗസ്ത് മാസത്തിൽ പുഴ മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു

**************************************************

ആശുപത്രിയുടെ കൂറ്റൻ കെട്ടിടത്തിന്റെ ഗേറ്റ്‌ കടന്നു വലത്തോട്ട്‌ തിരിഞ്ഞു കാറ്‌ ഞാവൽ മരത്തിന്റെ അരികിലോട്ട്‌ പാർക്ക്‌ ചെയ്‌തു. ഉച്ചയാവുമ്പോഴേക്ക്‌ ഇവിടെ തീരെ വെയിൽ വീഴില്ല. ഒരു കുഴപ്പമേയുള്ളൂ. കാറിനു മുകളിലേക്ക്‌ പഴുത്തു വീഴുന്ന ഞാവൽ പഴങ്ങൾ. ചില ദിവസങ്ങളിൽ കാറിനു പുറത്തും ചില്ലിലും നിറയെ വയലറ്റ്‌ പൊട്ടു തൊട്ടിട്ടുണ്ടാവും. ഈ കാമ്പസ്‌ നിറയെ ഞാവൽ മരങ്ങളാണ്‌. ഉണങ്ങി വീണ ഇലകൾ ഒരു കിടക്കയുടെ കനത്തിലായിരിക്കുന്നു, ഇലകളിലും മണ്ണിലും ഞാവൽ പഴത്തിന്റെ വയലറ്റ്‌ നിറം. കാർ ലോക്ക്‌ ചെയ്‌തു വെറും കൈയും വീശി കിഴക്കേ പ്രവേശന കവാടത്തിലേക്ക്‌ നടന്നു പോകുമ്പോൾ ആരോ ചോദിക്കും പോലെ തോന്നി. “where is your over coat. where are your shoes. Are you a medical studentഃ വർഷങ്ങൾക്കു അപ്പുറത്ത്‌ നിന്നു, ഒരു ഗുരുനാഥന്റെ വാക്കുകൾ, വിദ്യാർത്ഥി ജീവിത്തിലെ, ഒരു ദിവസം ഓവർ കോട്ട്‌ ധരിക്കാതെ വാർഡിൽ വന്ന ദിവസം.“ ഒരു ഭിഷാഗ്വരന്റെ വാക്കിലും നോക്കിലും വസ്‌ത്ര ധാരണത്തിലും പ്രാധാന്യമുണ്ട്‌, അത്‌ രോഗിക്ക്‌ നമ്മളിലുള്ള വിശ്വാസം കൂട്ടും. വിശ്വാസമാണ്‌ പകുതി.” മണ്മറഞ്ഞു പോയ അദ്ദേഹത്തിന്റെ ആത്‌മാവ്‌ പൊറുക്കില്ല. “you are professor in a big institution, do you think you are a good modelഃ വിദ്യാർത്ഥികൾക്ക്‌ മുഴുവൻ മാതൃക ആവണം, ജീവിതത്തിലും കെട്ടിലും മട്ടിലും. സീ ബീ സീ സാറും, സഹദേവൻ സാറും കൃത്യം എട്ടു മണിക്ക്‌ കാറിൽ വന്നിറങ്ങി വാർഡിലേക്ക്‌ നടന്നു പോകുന്നത്‌ നോക്കി നിന്നത്‌. ചുളിവുകൾ വീഴാതെ ഓവർ കോട്ടിട്ടു, ടൈ കെട്ടി, കറുത്ത്‌ മിനുങ്ങുന്ന ഷൂ, കൈയിലെ സൂട്ട്‌കേസും ഫ്ലാസ്‌കും. സായിപ്പിന്റെ രീതികൾ അവരുടെ തലമുറ ന്യായീകരിച്ചിരുന്നു. എല്ലാവരും സായിപ്പിന്റെ നാട്ടിലെ വലിയ ഡിഗ്രികൾ നേടി വന്നവർ. മനസ്സ്‌ കൊണ്ടു ആ രീതിയോട്‌ വിയോജിപ്പാണ്‌. അവരിൽ നിന്നും പകർന്നു കിട്ടിയ അറിവും അനുഭവങ്ങളും ഒരുപാട്‌ നന്മകൾക്കും മുൻപിൽ അവരുടെ അഭിപ്രായത്തോടുള്ള, അവരുടെ രീതികളോടുള്ള വിയോജിപ്പ്‌ അലിഞ്ഞു പോകുന്നു. ആ ഓർമകൾക്ക്‌ മുൻപിൽ നമിച്ചതോ, അതോ കുറ്റബോധം കൊണ്ടോ മുൻപോട്ടു നടന്നത്‌ തല കുനിച്ചായിരുന്നു.

അലുമിനിയ ഫ്രൈമിൽ കട്ടിയുള്ള കണ്ണാടി ചില്ലുകൾ, തുറന്നാൽ തനിയെ അടയുന്ന വാതിലുകൾ, പുതിയ കെട്ടിടത്തിൽ ഓ പീ വിഭാഗത്തിലേക്കുള്ള പ്രവേശനം രാജകീയം, പക്ഷെ ഓ പീ ടിക്കറ്റിനു വരിയിൽ നില്‌ക്കുമ്പോൾ തളർന്നു വീണാൽ പോലും ഒന്നിരിക്കാൻ ഇരിപ്പിടങ്ങൾ കുറവ്‌. സർക്കാർ കാര്യങ്ങൾ അങ്ങനെയാണ്‌. ആനയെ വാങ്ങാം, തോട്ടി ഇല്ലെങ്കിലെന്താ. ഓ പീ ടിക്കറ്റിനുള്ള വരി എട്ടു മണി ആവുമ്പോൾ തന്നെ നീണ്ടു നീണ്ടു വന്നു ഒന്നാം നിലയിലേക്ക്‌ നടന്നു പോകാനുള്ള വഴി തടസ്സപ്പെടുന്നുണ്ടായിരുന്നു. വരിക്കടുത്തെത്തിയപ്പോ സ്‌നേഹ ബഹുമാനങ്ങൾ, നിശബ്‌ദമായ ചലനങ്ങൾ, വരിയിൽ താനേ വിടവുണ്ടായി. കടന്നു പോകാൻ ഇടം കിട്ടി, ഒന്നാം നിലയിലേക്ക്‌ കയറാനുള്ള കോണിപടികളിലേക്ക്‌ ഇത്തിരി ധൃതിയിലാണ്‌ നടന്നത്‌. വരിയിൽ നിന്നിരുന്ന ഒരാൾ വരി വിട്ടു ഇത്തിരി നേരം എന്റെ പുറകെ വന്നതും ഒപ്പം എത്താതെ തിരികെ വരിയിലേക്ക്‌ ചേർന്നതും ശ്രദ്ധിച്ചു. നേരിയ മുഖ പരിചയം ഓർത്തെടുക്കാൻ പറ്റിയില്ല.

ഹാജർ പുസ്‌തകത്തിൽ ആദ്യത്തെ ഒപ്പ്‌ എന്നത്തേയും പോലെ എന്റേത്‌ തന്നെ. തലേ ദിവസം വന്ന സർക്കുലറുകൾ വായിച്ചും കുറിപ്പുകൾ തയ്യാറാക്കിയും മേശക്കു പുറകിൽ തന്നെ ചടഞ്ഞിരുന്നു. വൈകി എത്തുന്നവരെ, ഉഴപ്പന്മാരെ നേർവഴി നടത്താൻ. എട്ടരക്ക്‌ ശേഷം ഒപ്പിടാൻ അനുവദിക്കില്ല. ഹാജർ പുസ്‌തകം മാറ്റി വെക്കും എന്നാണ്‌ വെപ്പ്‌. ഒരിക്കലും നടപ്പാക്കിയിട്ടില്ല. നാലാം ക്ലാസ്സിൽ പഠിക്കുമ്പോ ബാലൻ മാഷിന്റെ കൈയിൽ പിടിച്ച ചൂരൽ, ആരെയും അടിച്ചതായി ഓർമയിൽ ഇല്ല. അച്ചടക്കം നടപ്പാക്കാൻ ചൂരൽ കൈയിൽ ഉണ്ടായാൽ മതി എന്ന മാഷിൽ നിന്നു പഠിച്ചു.

സീരിയസ്‌ ആയ കേസുകൾ കണ്ടതിനു ശേഷം, വാർഡിൽ അത്യാവശ്യം വേണ്ട കാര്യങ്ങളെപറ്റി അന്വേഷിച്ചു, തലേന്നത്തെ പ്രശ്‌നങ്ങൾ പരിഹരിച്ചതിന്‌ ശേഷമേ ഓ പി യിലേക്ക്‌ പോകാൻ പറ്റൂ. പ്രൊഫസ്സറെ തന്നെ കാണണം, മറ്റാരെയും കാട്ടരുത്‌ എന്ന നിർബന്ധം ഉള്ള കൂട്ടർ, പുറമേ നിന്നു റെഫർ ചെയ്‌തു വരുന്നവർ കാത്തു നിൽക്കും.

നാലാം നിലയിൽ ലുകെമിയ കിടത്തി ചികിത്സിക്കുന്ന സ്‌പെഷ്യൽ റൂമിൽ റോസ്‌മേരിയെ കാണണം, ഇന്നലത്തെ കൗണ്ട്‌ കുറവായിരുന്നോ, എന്ന്‌ കീമോ തെറാപ്പി കൊടുക്കാൻ പറ്റുമോ എന്ന്‌ നോക്കണം, സോപ്പ്‌ ഇട്ടു കൈ കഴുകി, മാസ്‌ക്‌ ധരിച്ചു റൂമിൽ കയറിയപ്പോ തീരെ പ്രതീക്ഷിക്കാത്ത പോലെ എല്ലാരുടെ മുഖത്തും അമ്പരപ്പ്‌. ഈ നേരം ഞാൻ വരും എന്ന്‌ കരുതിയില്ല. റോസ്‌ മേരിയുടെ അമ്മ ഫിഷ്‌ ടാങ്കിൽ വെള്ളം മാറ്റാനുള്ള തയ്യാറെടുപ്പിലാണ്‌. മൂന്നും നാലും മാസം മറ്റാരുമായും സഹാവാസമില്ലാത്തവർക്ക്‌ മാനസികോല്ലാസത്തിന്‌, പുസ്‌തകങ്ങളും പാട്ടും, ടി.വി ചാനലിലെ പാട്ടും കാർട്ടൂണുകളും ഒരുക്കിയിട്ടുണ്ട്‌. ഫിഷ്‌ടാങ്കും നീന്തി കളിക്കുന്ന സ്വർണ മത്സ്യങ്ങളും റൂമിലേക്ക്‌ സമ്മാനമായി കിട്ടിയതാണ്‌. അതിന്റെ പുറകിലെ കഥ ഇവർക്കറിയില്ല. ചുവരിൽ മിക്കി മൗസും ടോമും ജെറിയും. ഒരുപാട്‌ രാത്രികൾ ചിലവഴിച്ചു വരച്ചു വെച്ചത്‌ കഴിഞ്ഞ ബാച്ച്‌ ഹൗസ്‌ സർജൻസി കഴിഞ്ഞു പോയ നജീബ്‌, പെയിന്റ്‌ ചെയ്യുന്ന ഡോക്‌ടർ ചേട്ടന്‌ ഉയരത്തിലേക്ക്‌ പെയിന്റ്‌ പാത്രം പിടിച്ചു കൊടുത്തു കൊച്ചനിയന്മാർ രാവു പകലാക്കി ചെയ്‌ത ചുവർ ചിത്രങ്ങൾ. അതിനിടയിൽ സ്വന്തം പേരെഴുതി വെച്ച വിഷ്‌ണു, കഴിഞ്ഞ മാസം ചികിത്സ മുഴുമിപ്പിച്ചു, ഈ കൊല്ലം ക്ലാസ്സിൽ പോകുന്നു.

ഇപ്പോൾ നാല്‌ പേരാണ്‌ മുറിയിൽ, അവരുടെ അമ്മമാരും, റോസ്‌ മേരി ഒഴികെ എല്ലാരും കൈയിൽ കത്രികയും, കടലാസും, കളർ പെൻസിലും ഒക്കെയായി എന്തോ വലിയ തയ്യാറെടുപ്പിലായിരുന്നു. റോസ്‌ മേരി മാത്രം എല്ലാം നോക്കി കൊണ്ടു ആസ്വദിച്ചു കിടപ്പാണ്‌. എന്നെ കണ്ട പാടെ അമ്മമാരും മക്കളും മാസ്‌കിനു തിരച്ചിലായി, കടലാസുകളും കത്രികയും കിടക്കക്കടിയിലേക്ക്‌ കാണാതായി. എന്റെ മുഖത്തെ ഗൗരവം ഒരു ചിരിയായി മാറി. പിന്നെ ആ ചിരി അലയായി നിറമുള്ള ചിത്രങ്ങളിലേക്ക്‌ കുസൃതികളിലേക്ക്‌ ഞങ്ങൾ ഒരു മനസ്സായി ഒരുമിച്ചു. പുറം ലോകത്തിന്റെ വർണ ഭംഗികൾ നിഷേധിക്കപ്പെട്ട കുട്ടികൾ, കുട്ടികളുടെ മനസ്സുള്ള കുറെ പേരും കൂടി ഒരു കൊച്ചു കളിപ്പന്തലിനകത്തു, ഒരിക്കൽ കൂടി കണ്ണൻ ചിരട്ടയും ചോറും കറിയും പങ്കുവെക്കുന്ന നിമിഷങ്ങളിലേക്ക്‌.

“എല്ലാവരും കൂടി തയ്യാറെടുപ്പിലാണ്‌ സാറേ. അടുത്താഴ്‌ച ദീപാവലിക്ക്‌ വേണ്ടി.”

അപ്പോഴാണ്‌ ഓർത്തത്‌, കഴിഞ്ഞ എട്ടു വർഷമായി മുടങ്ങാതെ നടത്തുന്ന കൂട്ടായ്‌മ. കഴിഞ്ഞ ഇരുപതു വർഷമായി ഈ രോഗം മാറിപ്പോയവരും ഇപ്പോ ചികിത്സയിലുള്ളവരും, വിദ്യാർത്ഥികളും, ചികിത്സകരും കൂടി ഒരു ദിവസത്തെ ഒത്തു കൂടൽ. വർഷങ്ങൾക്കു മുൻപ്‌ ചികിത്സ കഴിഞ്ഞ ധന്യ, മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്‌, ബിജു നല്ലൊരു ആശാരിയാണ്‌, ഷിന്റോ കഴിഞ്ഞ ദീപാവലിക്ക്‌ വന്നത്‌ നവ വധുവിനെയും കൊണ്ടാണ്‌, അവന്റെ കല്യാണ ആൽബവും കൊണ്ട്‌. ജീവിതത്തിന്റെ ഒരു മൂന്നു വർഷം ഒരുമിച്ചു കഴിഞ്ഞ ഓർമ്മകൾ, ആരുടെ മനസ്സിലെ ചിത്രങ്ങൾക്കാണ്‌ കൂടുതൽ മിഴിവ്‌. ഒരു ദിവസം പാട്ടും നൃത്തവും, കഥാപ്രസംഗവും കഴിയുമ്പോൾ കഴിഞ്ഞ വർഷത്തെ കഥാകാരന്മാരിൽ ചിലരെ കൂട്ടത്തിൽ കാണാതെ കണ്ണുകൾ തേടി നടക്കുന്നതും, കണ്ണീരിന്റെ നനവും വിതുമ്പലും പാട്ടിൽ അലിഞ്ഞു പോകുന്നതും തിരിച്ചു നടന്നപ്പോഴാണ്‌ റോസ്‌ മേരി ചോദിച്ചത്‌ സാറേ അർച്ചന ചേച്ചി എന്നാ ഇനി വരുന്നത്‌. ചേച്ചിക്കൊപ്പം ചിലവഴിച്ച ഒരാഴ്‌ച അവളെ ചേച്ചിയുടെ ഒരു ആരാധിക ആക്കിയിരുന്നു. കഥയും കടം കഥയും, പ്രസംഗവും, കഥാ പുസ്‌തകങ്ങളിലെ, ചുണ്ടനെലിയെ വഴി കാട്ടാൻ, പ്രശ്‌നോത്തരികൾക്ക്‌ ഉത്തരം കാണാൻ, എത്ര പെട്ടെന്നാണ്‌ ചേച്ചി ഓരോന്നിന്റെ ചുരുളഴിക്കുന്നത്‌. നല്ല മാതിരി നൃത്തം ചെയ്യുമായിരുന്നു. ഭരനാട്യം, കുച്ചിപുടി, എന്നൊക്കെ ചേച്ചി പറഞ്ഞാണ്‌ അറിയുന്നത്‌. ആൽബവും കാട്ടിതന്നിട്ടുണ്ട്‌. കഴിഞ്ഞ വാർഷികോൽസവത്തിന്റെ നാൾ.

“വരും, ഞാൻ വിളിച്ചു ചോദിക്കാം.”

ഒരു മാസം മുൻപൊരു ഓ പീ ദിവസം വന്നതാണ്‌ അർച്ചന, എട്ടാം ക്ലാസ്സുകാരി മിടുക്കി, ഒന്ന്‌ വീണതാ സ്‌കൂ‍ൂളിൽ, പേരിനൊരു നീരുണ്ടായിരുന്നു. ഒരാഴ്‌ച കൊണ്ടു മുട്ടിനു താഴെ വേദനിക്കുന്ന മുഴ. എക്‌സറേ കണ്ടപ്പോ തീർച്ചയായി, osteo saarcoma, ഇവിടെ ചികിത്സിക്കാൻ പറ്റില്ല. റെഫർ ചെയ്യേണ്ടിവരും. രോഗം ഉറപ്പാക്കാനുള്ളതും അടിസ്‌ഥാന രീതിയിലുള്ള പരിശോധനകളും ചെയ്‌തു റെഫർ ചെയ്യാം ഒറ്റയടിക്ക്‌ രോഗവിവരം രക്ഷിതാക്കളെ അറിയിക്കാനും ബുദ്ധിമുട്ടുണ്ട്‌. കൂടെയുള്ള വിദ്യാർത്ഥികൾക്ക്‌ അറിവ്‌ പകർന്നു കൊടുത്തു. “so far no spread, she ll get a cure with കീമോതെറാപി ആന്റ്‌ above knee amputation. പൂർണമായി ഒരധ്യാപകൻ മാത്രമായിരുന്നു ഞാൻ അപ്പോൾ. രോഗ നിർണയവും പരിശോധനകളും കഴിഞ്ഞു റെഫർ ചെയ്യാനെടുത്ത ദിവസങ്ങൾക്കുള്ളിൽ എല്ലാവരുടെയും കണ്ണിലുണ്ണിയായി അർച്ചന.

“പുറത്തെക്കിറങ്ങിയപ്പോൾ, കൂടെയുള്ള പി.ജി ലളിതയോടു ചോദിച്ചു, ”രണ്ടാഴ്‌ച ആയില്ലേ അർച്ചനയെ ആർ സീ സിയിൽ വിട്ടിട്ടു. വിളിച്ചു ചോദിച്ചോ എന്തായി എന്ന്‌“ സാർ രണ്ടു പ്രാവശ്യം ആർ സീ സിയിൽ മാഡത്തെ ഫോണിൽ ട്രൈ ചെയ്‌തു കിട്ടിയില്ല.”

ഓ പിയിൽ എത്തിയപ്പോൾ പത്തു മണി. കാത്തു കാത്തു മുഷിഞ്ഞവർ ആദ്യം ആദ്യം എത്താൻ വരി തെറ്റിച്ചപ്പോൾ, വരി നേരെയാകാൻ എടുത്തു ഒരഞ്ചു മിനിട്ട്‌. നോക്കി തുടങ്ങിയതേ ഉള്ളു, ഒരാൾ പുറകിൽ നിന്നു വരി തെറ്റിച്ചു മുന്നിലേക്ക്‌ കൂടെ നില്‌ക്കുന്നവരുടെ കശപിശ. വന്നയാളോട്‌ കയർത്തു, നിന്നിരുന്ന സ്‌ഥാനത്ത്‌ കൊണ്ടുപോയി നിർത്തിച്ചു, കാലത്ത്‌ എന്റെ പുറകിൽ വന്നയാൾ ആണെന്ന്‌ അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. ഗൗരവം വെടിയാതെ കസേരയിലേക്ക്‌ ചെന്നിരുന്നു. അയാൾ അര മണിക്കൂറിനു ശേഷം ക്യുവിൽ നിന്നും എന്റെ മുന്നിലെത്തി ഒരു കടലാസ്‌ എന്റെ മുൻപിൽ നിവർത്തിവെച്ചു.,

“കുട്ടി എവിടെ?”

“സാർ കുട്ടിയെ കൊണ്ടു വരാൻ പറ്റുന്ന കണ്ടീഷൻ അല്ല. ഞാൻ കുട്ടിയുടെ വിവരം പറയാൻ വന്നതായിരുന്നു. ഈ കടലാസ്‌ ഒന്ന്‌ സാറിനെ കാണിക്കുകയെ വേണ്ടിയിരുന്നുള്ളൂ.”

രാവിലെ എട്ടുമണിക്ക്‌ മുൻപ്‌ ക്യുവിൽ നിന്നു പതിനൊന്നു മണി വരെ ഒരു വിവരം പറയാൻ മാത്രം കാത്തിരിക്കേണ്ടി വന്ന ആളിനോട്‌ ക്ഷമാപണം ചെയ്യാൻ എന്റെ ദുരഭിമാനം സമ്മതിച്ചില്ല. ഉള്ളിൽ നേരിയ ഒരു കുറ്റബോധം തോന്നി. ആർ സീ സിയിലെ ഡിസ്‌ചാർജ്‌ സമ്മറി ആണ്‌. ഒരുപാട്‌ തവണ മടക്കിയും നിവർത്തിയും, ആ കടലാസ്‌ ഒരുപാട്‌ പഴക്കം തോന്നിയിരുന്നു, അവിടവിടെ നനവ്‌ കൊണ്ടു അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയിരുന്നു. ഡിസ്‌ചാർജ്‌ കാർഡ്‌ സൂക്ഷിച്ചു വെക്കാത്തതിനു ശകാരവർഷം പതിവാണ്‌, എന്തോ അപ്പോൾ അങ്ങനെ ചെയ്‌തില്ല.

“archana, 13 admitted on,..diagnosed as osteosarcoma… first course chemotheraphy give,. above knee amputation done, review after three weeks for second course.” ആ വരികൾ വായിച്ചപ്പോൾ ഒരു നിമിഷം ഒരു മിന്നലേറ്റപോലെ. തിരിച്ചൊന്നും പറയാൻ വാക്കുകൾ ഇല്ലാതായി, ഡിസ്‌ചാർജ്‌ സമ്മറി കടലാസ്‌ എടുത്തു കൂടുതൽ ഒന്നും പറയാതെ പതിയെ അയാൾ പുറത്തേക്കു പോയി.

ഓ പീ യിൽ തിരക്കൊഴിയാൻ ഉച്ചയായി. ഉച്ച കഴിഞ്ഞു പ്രിൻസിപ്പൽ വിളിച്ച മീറ്റിങ്ങിനു പോകണം. അതിനു മുൻപ്‌ അഡ്‌മിറ്റ്‌ ചെയ്‌ത ബാഡ്‌ കേസുകൾ ഒന്ന്‌ കാണണം. വാർഡിലേക്ക്‌ തിരിഞ്ഞപ്പോൾ ആരെയോ കാത്തെന്ന പോലെ നില്‌ക്കുന്നു അയാൾ. വീണ്ടും അഭിമുഖീകരിക്കാൻ പറ്റാതെ മുഖം തിരിച്ചു വാർഡിലേക്ക്‌ നടന്നു.

“സാർ, ഞാൻ സാറിനെ കാത്തിരിക്കയായിരുന്നു, സാറിനോട്‌ മാത്രമായി ഒറ്റയ്‌ക്ക്‌ ഒരു കാര്യം പറയാൻ. ഒരുപാട്‌ പേരുടെ സഹായം കൊണ്ടാണ്‌ ഇവിടെ കാര്യങ്ങൾ നന്നായി ചെയ്യുന്നത്‌ എന്നെനിക്കറിയാം. എന്റെ മോളുടെ വകയായി സാറിത്‌ വെക്കണം, സാറിനു തോന്നുന്ന ആർക്കെങ്കിലും ഇത്‌ കൊടുക്കണം, എന്റെ മോൾക്ക്‌ കഴിഞ്ഞ പിറന്നാളിന്‌ അവളുടെ മുത്തശ്ശൻ സമ്മാനമായി കൊടുത്തതാണ്‌. ഇനി ഇതവൾക്ക്‌ വേണ്ടി വരില്ല.” കടലാസ്സിൽ പൊതിഞ്ഞ ഒരു പൊതി എന്റെ കൈയിൽ ഏൽപ്പിച്ചു, മുണ്ടിന്റെ കോന്തല കൊണ്ടു കണ്ണ്‌ തുടച്ചു ധൃതിയിൽ കോണിപ്പടി ഇറങ്ങി പോയി അയാൾ. റൂമിലെത്തി, പൊതിയഴിച്ചു

രണ്ടു വെള്ളി പാദസരങ്ങൾ, മേശ പുറത്തേക്കു വീണു. ഒരു തേങ്ങലോടെ.

 

പ്രണയാനുഭവം

http://www.puzha.com/blog/magazine-purushothaman_kk-story1_oct7_10/

രണ്ടായിരത്തി പതിനൊന്നിൽ പുഴ മാഗസിനിൽ പ്രസിദ്ധീകരിച്ചത് .

***********************************************************************

“പണ്ട്‌ പണ്ട്‌, വളരെപ്പണ്ട്‌” ഒരഞ്ചു വയസ്സുകാരനെ മടിയിൽ കിടത്തി മുത്തശ്ശി പറയാറുള്ള കഥ, മടിയിൽ ചെരിഞ്ഞു കിടന്നു കാലുകൾക്കിടയിൽ കൈകൾ രണ്ടും തിരുകി വെച്ച്‌ കണ്ണുകൾ പാതിയടച്ചു ഇടക്ക്‌ മൂളിക്കൊണ്ട്‌. ഉണക്കച്ചുള്ളിപോലത്തെ വിരലുകൾ ചുണ്ണാമ്പ്‌ പുരണ്ട വിരലുകൾ മുടിയിഴകളിലേക്ക്‌ എടുത്തു വെപ്പിക്കും. കഥയുടെ താളവും തലവെച്ച്‌ കിടക്കുന്ന കാലുകളുടെ നേരിയ ചലനവും മുടിയിലൂടെ ഒഴുകി നടക്കുന്ന വിരലുകളും മൂളുന്നയാളുടെ മൂളൽ നേർത്തു നേർത്തു വരും. എന്നും ഒരേ തുടക്കം. ഒരേ താളം. എന്നാലും കേൾക്കണം, രാജാവിന്റെ രാജകുമാരന്റെ രാജകുമാരിയുടെ പ്രണയത്തിന്റെ, വീരന്മാരുടെ വിജയത്തിന്റെ, രക്തം കുടിക്കുന്ന, എല്ലും തോലും ബാക്കിവെച്ച്‌ നൊട്ടിനുണയുന്ന യക്ഷിമാരുടെ കഥയുടെ. നടുവിലെവിടെയോ സ്വപ്‌നത്തിലേക്ക്‌, കേട്ട കഥയിലെ രാജകുമാരി ചിറകുമുളച്ചു പൂമ്പാറ്റയായി വർണഭംഗിയുള്ള ലോകത്തിൽ എത്തിയിരിക്കും. കഥയുടെ അവസാനം ഒരിക്കലും കേട്ടിട്ടില്ല.

അത്‌ പോലൊരു കഥ, വളരെ പഴയ ഒരു കഥ, ഒരു പ്രണയത്തിന്റെ, എല്ലാവരും ജീവിതത്തിന്റെ ഏറെ നിറമുള്ള കാലത്ത്‌ അനുഭവിച്ചതും ജീവിതത്തിന്റെ സന്ധ്യയിലും മനസ്സിന്റെ ചെപ്പിൽ നിന്നെടുത്തു തലോലിക്കുന്നതുമായ പ്രണയാനുഭവം. പക്ഷെ എന്റെ ഈ പ്രണയാനുഭവം വ്യത്യസ്‌തമാണ്‌. ഒരു വേദനയാണ്‌, എന്നും അനുഭവിക്കുന്ന ഒരു സംഘർഷം ആണ്‌.

“ഇനി കഥയിലേക്ക്‌”

ഇത്തിരിപോലു വിശ്രമം കിട്ടാത്ത ഒരു ഡ്യൂട്ടി ദിവസമായിരുന്നു അന്ന്‌. അഞ്ചുനില താഴെ അത്യാഹിത വിഭാഗത്തിൽ രാപകൽ ഇടതടവില്ലാതെ ആംബുലൻസും ഓട്ടോറിക്ഷയും പാഞ്ഞു വരുന്നു. നിലവിളിയും പരക്കം പാച്ചിലും ട്രോളി വലിക്കുന്ന ഒച്ചയും, ബഹളവും വെപ്രാളം കൊണ്ടു ഓടിവരുന്നതാണ്‌ പലരും. ചിലപ്പോ ഒരു സ്വാന്തനവാക്കോ, ഒരു തലോടലോ മതിയാകും. വന്ന അതേ ഓട്ടോയിൽ തന്നെ തിരിച്ചയക്കാം. ഒരു ചെറു പുഞ്ചിരി സമ്മാനമായി തിരിച്ചു നല്‌കി കൊണ്ടു നിന്നു പെയ്യുന്ന മഴയിൽ തോളിലെടുത്തു മൈലുകൾ നടന്നു മേശയിൽ കൊണ്ടു വന്നു കിടത്തുമ്പോൾ മാത്രം ശ്വാസം നിലച്ചിട്ട്‌ ഏറെ നേരം ആയിരിക്കുന്നു എന്ന നടുക്കുന്ന സത്യം മനസ്സിലാക്കുന്ന കേസ്സുകളും ഉണ്ടാവാറുണ്ട്‌. പ്രതീക്ഷിക്കുന്ന കണ്ണുകളിലേക്കു നോക്കി സത്യം പറയാൻ പാട്‌ പെടുന്ന നിമിഷങ്ങൾ. കിടത്തി ചികിത്സ വേണ്ടുന്നവരെ ഇവിടെ അഞ്ചാം നിലയിലെ വാർഡിലേക്ക്‌ വിടുന്നു. എന്റെ കർമരംഗം ഇവിടെയാണ്‌. അഡ്‌മിറ്റ്‌ ആയി വാർഡിൽ വരുന്ന കുട്ടികളെ നോക്കി വേണ്ടത്‌ ചെയ്യണം, വാർഡിൽ കിടക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങൾ അപ്പോഴപ്പോൾ നോക്കി പരിഹരിക്കണം. പിറ്റേന്ന്‌ പ്രൊഫസർ വരുമ്പോൾ ഓരോ കേസും പഠിച്ചു തെറ്റാതെ അവതരിപ്പിക്കണം. വിശകലനങ്ങൾ സാധ്യതകൾ, എന്റെ നിഗമനങ്ങളും ഓരോ കേസുകളിലും എടുത്ത തീരുമാനങ്ങളും ന്യായീകരിക്കണം. തിരക്കോ സമയകുറവോ ഒരു പി ജീ വിദ്യാർത്ഥി എന്തെങ്കിലും ചെയ്യാതിരിക്കുന്നതിനു ന്യായീകരണം ആവുന്നില്ല. ഊണം ഉറക്കവും ഒഴിഞ്ഞു ശരീരത്തിന്റെ പ്രാഥമിക ആവശ്യങ്ങൾ പോലും മാറ്റി വെച്ച്‌ ഒരു തപസ്യ പോലെ കഴിച്ചു കൂട്ടിയ നാളുകൾ. അറിവിന്റെ അനുഭവത്തിന്റെ അടിത്തറ പടുത്തുയർത്തിയ നാളുകൾ ഒരു നിമിഷം പോലും ഒന്നിരിക്കാൻ പറ്റിയിട്ടില്ല. നന്നേ കാലത്ത്‌ തുടങ്ങിയതാണ്‌. അഞ്ചു മണിക്ക്‌ ഒന്ന്‌ പുറത്തിറങ്ങണം. കൂടെയുള്ള ഹൗസ്‌ സർജൻ മിടുക്കനാണ്‌, വിശ്വസിച്ചു കാര്യങ്ങൾ ഏൽപിക്കാം. കോണി പടികൾ ഇറങ്ങി തുടങ്ങിയതെ ഉള്ളു. പിൻവിളി, വേലായുൻ ചേട്ടൻ ആണ്‌. ഞങ്ങളുടെ വാർഡിലെ ഗ്രേഡ്‌ ഫോർ ജീവനക്കാരൻ, ലിഫ്‌റ്റ്‌ പണി മുടക്കിയത്‌ കൊണ്ടു അഞ്ചാം നിലയിലേക്ക്‌ ട്രോളി വലിച്ചു കൊണ്ടു വന്ന കിതപ്പും ഈർഷ്യയും മുഖത്ത്‌. “സാർ, ഒരു കേസ്‌ കൊണ്ടു വന്നിട്ടുണ്ട്‌ സീരിയസ്‌ ആണെന്ന്‌ തോന്നുന്നു. സാറിനു അത്‌ നോക്കിയിട്ട്‌ പോയാൽ പോരെ.” സ്‌നേഹം നിറഞ്ഞ അധികാരസ്വരം മറുത്തൊന്നും പറയാതെ തിരിച്ചു പടികൾ കയറി.

നിണ്ടു മെലിഞ്ഞൊരു പെൺകുട്ടി. വിളറി വെളുത്തിരിക്കുന്നു. കൈ കാലുകൾ ഐസ്‌ പോലെ തണുത്തിരിക്കുന്നു. ഉള്ളിലെവിടെയോ രക്തസ്രാവം നടക്കുന്നുണ്ടാവണം. തളർന്ന കണ്ണുകൾ എന്റെ നേരെ. കണ്ണുകളിൽ ഭയമാണോ, എന്നെ രക്ഷിക്കൂ എന്ന അപേക്ഷയോ? മറ്റ്‌ ആലോചനകൾക്ക്‌ പ്രസക്തിയില്ല. കാത്തിരിക്കാനുള്ള നേരമില്ല, നീണ്ട നാളത്തെ പരിശ്രമം, അല്ല തപസ്യ നേടിത്തന്ന ആത്‌മവിശ്വാസം ചെറുതല്ല. ഒന്നര മണിക്കൂർ നേരത്തെ പരിശ്രമം, അതൊരു കൂട്ടായ്‌മയുടെ കലയാണ്‌. ഒരുപാട്‌ പേരുടെ മനസ്സും കൈകളും ചേർന്നൊരു സംഗീതം ജനിക്കും പോലെ. ഒരേ താള ലയം, ശാസ്‌ത്രവും കലയും ലയിച്ചു ചേരുന്ന, അല്ലെങ്കിൽ ഏതു ഏതെന്നു വേർതിരിക്കാനാവാത്ത നിമിഷങ്ങൾ.

പൾസ്‌‍്‌‍്‌‍്‌ കിട്ടി തുടങ്ങി. നെറ്റിയിലെ വിയർപ്പു കണങ്ങൾ വറ്റിയിരിക്കുന്നു. കണ്ണുകളിലെ ദൈന്യതയും ഭയവും മാറി, പകരം നേരിയ ഒരു പുഞ്ചിരി ചുണ്ടിൽ. കുട്ടിയെ വിശദമായി പിരിശോധിക്കാൻ അപ്പോഴേ പറ്റിയുള്ളൂ. മേലാകെ നീലിച്ച പാടുകൾ, കഴുത്തിൽ നെല്ലിക്കയോളം പോന്ന മുഴകൾ;;; അഗാധമായ ഗർത്തത്തിൽ വീഴുന്ന ഒരാളെ കൈ പിടിച്ചു കരക്ക്‌ കയറ്റിയ സംതൃപ്‌തിയായിരുന്നു അത്‌ വരെ. അതൊരു ഞെട്ടലിനു വഴി മാറി. അറിവിൽ നിന്നും അനുഭവത്തിൽ നിന്നും കിട്ടിയ അറിവുകൾ തെറ്റായി പോകണം എന്ന്‌ ചിലപ്പോ പ്രാർത്ഥിച്ചു പോകാറുണ്ട്‌. എന്റെ പരിശോധന കഴിയും വരെ ആ കുട്ടിയുടെ കണ്ണുകൾ എന്നെ പിൻതുടരുകയായിരുന്നു. എന്റെ മനസ്സ്‌ വായിച്ചെടുക്കും പോലെ. വിരൽതുമ്പിൽ നിന്നു ഒരു തുള്ളി രക്തം ചില്ലിലേക്ക്‌ എടുത്തു, ഫാനിന്റെ കീഴിൽ വെച്ചു ഉണക്കി മെല്ലെ സൈഡ്‌ ലാബിലേക്ക്‌ നടന്നു. തല്‌ക്കാലം ജീവൻ കിട്ടി എന്നാലും വല്ലാത്ത വിളർച്ച, ഒന്നോ രണ്ടോ കുപ്പി രക്തം വേണ്ടിവരും. രക്തബാങ്കിലേക്ക്‌ കടലാസ്‌ കൊടുക്കാൻ ഹൗസ്‌ സർജനെ ശട്ടം കെട്ടി. വാർഡിന്റെ മറ്റേ അറ്റത്താണ്‌ സൈഡ്‌ ലാബ്‌. പെട്ടെന്ന്‌ എടുക്കേണ്ട തീരുമാനങ്ങൾ മറ്റാരെയും ആശ്രയിക്കാതെ ഏതു പാതി രാത്രിയിലും ഇവിടെ ചെയ്യാം. എല്ലാം സ്വയം ചെയ്യണം എന്ന്‌ മാത്രം ചില്ലിൽ സ്‌ടയിൻ ഒഴിച്ച്‌ കാത്തിരുന്നു. ജനാലയിൽ കാലു കയറ്റി വെച്ചു പകുതി പൊളിഞ്ഞ കസേരയിൽ ചടഞ്ഞിരുന്നു ഒരു സിഗരറ്റിനു തീ കൊളുത്തി. ഈ നിമിഷം വരെ ഒന്ന്‌ സ്വസ്‌ഥമായി ഇരിക്കാൻ പറ്റിയിട്ടില്ല. ഒരിത്തിരി നേരം കിട്ടിയാൽ മനസ്സിന്റെ ബാറ്ററി ചാർജ്‌ ചെയ്യുന്നതിവിടെ ആണ്‌. വാർഡിന്റെ പടിഞ്ഞാറേ അറ്റം, അഞ്ചാം നിലയിൽ നിന്നും നേരെ കാണുന്ന സന്ധ്യാകാശത്തിനും താഴെ പടർന്നു പന്തലിച്ചു കിടക്കുന്ന മെയ്‌മാസ മരത്തിന്റെ പൂക്കൾക്കും ഒരേ നിറം. കൂടണയുന്ന പക്ഷികളുടെ കലപില. സ്ലൈഡ്‌ തയ്യാറായിരിക്കുന്നു. മൈക്രോസ്‌കോപ്പിൽ അധികം തിരയേണ്ടിവന്നില്ല. പ്രതീക്ഷിച്ചപോലെ ലുകീമിയ തന്നെ. ഇന്ദിര മാഡത്തിന്റെ കൂടെ കഴിഞ്ഞ കുറെ നാളുകൾ ഒരുപാട്‌ കേസുകൾ കണ്ടിരുന്നു. നാളെ തന്നെ മജ്ജ കുത്തിയെടുത്തു പരിശോധിക്കാൻ ഏർപ്പാട്‌ ചെയ്യണം ഇനിയുള്ള ഓരോ ദിവസവും വിലപ്പെട്ടതാണ്‌…. എന്തോ അപേക്ഷിക്കും പോലത്തെ കണ്ണുകൾ മനസ്സിൽ നിന്നും മായാതെ ഇരിക്കുന്നു. വാർഡിലേക്ക്‌ തിരിച്ചു ചെന്ന്‌, കേസ്‌ ഷീറ്റ്‌ വിശദമായി എഴുതി തീർത്താണ്‌ വാച്ചിലേക്ക്‌ നോക്കിയത്‌. രാത്രി പതിനൊന്നായിരിക്കുന്നു. ഇന്ന്‌ രാത്രിയും ഭക്ഷണത്തിന്‌ തട്ട്‌ കട തന്നെ ശരണം. സാരമില്ല, ഒരു രാത്രി മുഴുവൻ ഉറക്കമിളക്കാൻ ദേവഗിരി ജംഗ്‌ഷനിലെ ഒരു പൊടിച്ചായ മതിയാകും.

തിരിച്ചു വന്നപ്പോഴേക്കും രക്ത ബാങ്കിലേക്ക്‌ പോയവർ വെറും കയ്യോടെ തിരിച്ചു വന്നിരിക്കുന്നു കുട്ടിയുടെ രക്ത ഗ്രൂപ്പ്‌ എ.ബി. പോസിറ്റീവ്‌, കിട്ടാനില്ല. കൊണ്ടോട്ടിയിൽ പോയി ആളെ കൊണ്ടുവരണം, ഈ രാത്രി നേരം വണ്ടി പിടിച്ചു പോയി കൊണ്ടു വരാനുള്ള പാങ്ങൊന്നും അവർക്കുള്ളതായി തോന്നിയില്ല. മൊസൈക്‌ തറയിൽ കുന്തിച്ചിരിക്കുന്ന ഒരു ഉമ്മയും ഒരു താടിക്കാരനും. മുട്ടോളമെത്തുന്ന മുണ്ടിന്റെ കരകൾ വയലറ്റ്‌ നിറത്തിൽ നരച്ച ഒരു കുട ചുമരുചാരിവെച്ചിരിക്കുന്നു. ഈ നിമിഷം ഉണ്ടാവുമെന്ന്‌ നേരത്തെ എഴുതി വെച്ചിരുന്ന പോലെ, എന്റെ രക്ത ഗ്രൂപ്പ്‌ അത്‌തന്നെ ആയത്‌. അങ്ങനത്തെ ഫിലോസഫി ചിന്തകൾ ഒന്നും അപ്പൊ തോന്നിയില്ല. മറ്റൊന്നും ആലോചിച്ചില്ല, നേരെ രക്തബാങ്കിലേക്ക്‌. ടെക്‌നിഷനെ വിളിച്ചുണർത്തി ഫോറം പൂരിപ്പിച്ചു, ബെഢിലേക്ക്‌ കിടന്നു കൈ നീട്ടി പിടിച്ചു കൊടുത്തു. കേസ്‌ ഷീറ്റ്‌ എഴുതിയപ്പോഴും ഫോറം പൂരിപ്പിച്ചപ്പോഴും ശ്രദ്ധിച്ചിട്ടില്ലാത്ത അവളുടെ പേര്‌ അപ്പോഴാണ്‌ മനസ്സിൽ വന്നത്‌, ഉമ്മുൽ, അത്‌ വരെ അങ്ങനെ ഒരു പേര്‌ കേട്ടിട്ടില്ല.

പിറ്റേന്ന്‌ കാലത്ത്‌ പ്രൊഫസറോടൊപ്പം റൗണ്ട്‌സ്‌ തുടങ്ങിയപ്പോഴാണ്‌ ശ്രദ്ധിച്ചത്‌, അവൾ ഉഷാറായി ബെഢിൽ എഴുന്നേറ്റിരിക്കുന്നു. വെളുത്ത്‌ നന്നേ മെലിഞ്ഞ്‌ വയസ്സ്‌ പറഞ്ഞതിൽ കൂടുതൽ കാണും. പന്ത്രണ്ടല്ല, കേസിന്റെ വിശദ അംശങ്ങൾ ചർച്ച ചെയ്‌തു അടുത്ത ബെഡിലേക്ക്‌ നീങ്ങി. പുറത്താരോ തോണ്ടുന്നു. “ഇങ്ങളാ ഇന്നലെ അനക്ക്‌ ചോര തന്നത്‌. ഉമ്മ പറഞ്ഞു. ഇങ്ങള്‌ നല്ലോണം നോക്കീന്നു, നല്ല ദരസ്സർ ആണെന്ന്‌ ഉമ്മ പറഞ്ഞി. എന്താ ഇങ്ങളെ പേര്‌ ദരസ്സരെ, ”ദരസ്സര്‌“ അവള്‌ രണ്ടാമത്‌ ആവർത്തിച്ചതിൽ ഇത്തിരി കുസൃതി ഉണ്ടായിരുന്നു. ഉമ്മയുടെ അറിവില്ലായ്‌മയെ കളിയാക്കിയതാണോ, എനിക്ക്‌ പറ്റിയ പേര്‌ അതാണെന്നോ? തിരി കത്തിച്ച പോലെ കണ്ണുകൾ പ്രകാശിച്ചിരുന്നു. എന്തൊരതിശയം, ഒരു ദിവസം കൊണ്ട്‌ ജീവിതത്തിന്റെ ഒരറ്റത്ത്‌ നിന്നു മറ്റേ അറ്റത്തേക്ക്‌.

മജ്‌ജ പരിശോധനയുടെ റിസൾട്ട്‌ അന്ന്‌ തന്നെ കിട്ടി. മയലൊഇദ്‌ ലുകീമിയ. എന്ത്‌ ചികിത്സ കൊടുത്താലും ഏതാനും മാസങ്ങൾ മാത്രം. ചികിത്സിക്കാൻ തന്നെ തീരുമാനിച്ചു, ശക്തിയേറിയ മരുന്നുകൾ, കുത്തിവെപ്പുകൾ.

അസുഖത്തെ കുറിച്ച്‌ അവൾക്കു എന്തെങ്കിലും അറിയാമായിരുന്നോ? കുറച്ചു ദിവസം കൊണ്ടു ആ വാർഡിനു മുഴുവൻ അവകാശി താനാണെന്ന്‌ കരുതും പോലെ എവിടെ നോക്കിയാലും അവളെ കാണും. റൗണ്ട്‌സ്‌ എടുക്കുമ്പോൾ കൂടെ കൂടും, സിസ്‌റ്റെർമാരുടെ കൂടെ പനിനോക്കാനും മരുന്ന്‌ കൊടുക്കാനും, വാർഡ്‌ വൃത്തിയാക്കുന്നവരുടെ കൂടെയും, സഹികെട്ടു പ്രൊഫസർ പറയും ” നീ അവിടെ പോയി കിടക്കു കുട്ടീ. അവർ പണി ചെയ്‌താട്ടെ.“ സ്‌നേഹത്തോടെ ചെവിക്കൊരു തിരുമ്മും കൊടുക്കും.

നാളുകൾ എത്ര പെട്ടെന്നാണ്‌ കടന്നു പോയത്‌. അവൾക്കു കുത്തിവെപ്പ്‌ ഉള്ള ദിവസം മാത്രമാണ്‌ അവൾ ഒരു രോഗി ആണെന്നോർക്കുന്നത്‌. വാർഡിലെ നേഴ്‌സിംഗ്‌ റൂം മുഴുവൻ അവൾ ഉണ്ടാക്കിയ കടലാസ്‌ പൂക്കളും, തൂങ്ങിയാടുന്ന പക്ഷികളും, മീനുകളും ഞാൻ ഡ്യൂട്ടി ഉള്ള രാവു പുലരുമ്പോഴേക്കും വാർഡ്‌ നിറയെ വർണകടലാസ്‌ തുണ്ടുകളും ഇരിക്കുന്നിടം മുഴുവൻ പശയും. വഴക്ക്‌ പറയാൻ പേടിയാണ്‌ കൈയിൽ കിട്ടിയതെന്തും എടുത്തെറിഞ്ഞേക്കും. പേനയിലെ മഷി കുപ്പായത്തിൽ തെറിപ്പിച്ചു അരിശം തീർക്കും.

ഒരു അഡ്‌മിഷൻ ദിവസം വൈകുന്നേരം. തലച്ചോറിനു പഴുപ്പ്‌ബാധ സംശയിക്കുന്ന ഒരു കുട്ടിയുടെ നട്ടെല്ല്‌ കുത്തി വെള്ളമെടുത്തു സെല്ലുകൾ നോക്കാൻ സൈഡ്‌ ലാബിൽ മൈക്രോസ്‌കോപ്പിൽ കണ്ണും നട്ടിരിക്കയായിരുന്നു ഞാൻ. ആരോ പുറകിൽ നിന്നും കണ്ണ്‌ പൊത്തി. കൈകൾ തീരെ ചെറുതും ബലമില്ലാത്തതുമായതിനാൽ പെട്ടെന്ന്‌ എടുത്തു മാറ്റാൻ പറ്റി.” നിന്നോടാരാ ഇവിടെ കയറി വരാൻ പറഞ്ഞത്‌, ഉപദ്രവിക്കാതെ പോ.“

”ഇങ്ങള്‌ നോക്കുന്നത്‌ അന്നെയും കൂടി കാട്ടിതരൂ, അനക്കും കാണണം“ ആവശ്യം നിഷേധിക്കാൻ കഴിഞ്ഞില്ല. ഞാൻ ഇരിക്കുന്ന സ്‌റ്റൂളിൽ നിന്നു മാറാതെ തല ചെരിച്ചു മാറ്റികൊടുത്ത്‌ അവളോട്‌ നോക്കികൊള്ളാൻ പറഞ്ഞു. അടുക്കികെട്ടാത്ത മുടിയിഴകൾ വെളുത്ത കവിളുകൾ കണ്ണുകൾ അത്‌ഭുതക്കാഴ്‌ച കണ്ടപോലെ തിളങ്ങി. കുട്ടിക്കാലത്ത്‌ ശീപോതിക്കാവിൽ തെയ്യത്തിന്റെ നാള്‌, മാലയും വളയും, വർണ ബലൂണുകൾ, ആന മയിൽ ഒട്ടകം കളിക്കാരും തക്രിതിയും. ഫിലിം മാറ്റി എം.ജി. ആറിനെയും, പ്രേം നസീറിനെയും നോക്കാൻ ഞങ്ങൾ ഊഴമിട്ട്‌ കാത്തിരുന്ന കാലം ഓർമയിൽ ഫിലിമിൽ കണ്ട വിസ്‌മയങ്ങൾ ആ കാഴ്‌ച വിരിയിച്ച മാസ്‌മര ലോകം.

”അതെന്താ ആ കാണുന്ന നീലിച്ച ഉണ്ടകൾ.“

”അതൊന്നും നീ അറിയണ്ട. അതാണ്‌ സെല്ലുകൾ“

”അതനക്കറിയ, ഓ അതായത്‌, ഇപ്പ തിരിഞ്ഞു, ഞാൻ പഠിച്ചിട്ടുണ്ട്‌, ആറാം ക്ലാസിൽ ഇപ്പതിരിഞ്ഞി“ ഞാൻ എന്ത്‌ ചെയ്യുമ്പോഴും ഒരു നിഴൽപോലെ കൂടെ ഉണ്ടാവും അവൾ. അവളുടെ കുത്തിവെപ്പുകൾ എന്നെ കൊണ്ടു മാത്രമേ ചെയ്യിക്കൂ. ദുർവാശിക്കാരെ ഏറെ ദിവസവും കാണുന്നത്‌കൊണ്ട്‌ അതിലൊന്നും പുതുമ കണ്ടില്ല. എല്ലാം അനുവദിച്ചു കൊടുത്തു.

”ഈ പെണ്ണ്‌ ചെക്കന്മാരെ വഴി നടക്കാൻ സമ്മതിക്കില്ല “മേരി സിസ്‌റ്റർ പെണ്ണിനെ വഴക്ക്‌ പറഞ്ഞപ്പോ ഞാൻ ഒന്ന്‌ ചൂളിയൊ? എന്നെ ഉന്നം വെച്ചാവുമോ? സിസ്‌റ്റർ ഇത്തിരി വായാടിയാണ്‌, എന്തും തുറന്നടിച്ചു കളയും. ഏയ്‌, എനിക്ക്‌ തോന്നിയതാവും.

മുത്തശ്ശി കഥ കേട്ടുറങ്ങിയ ബാലൻ, കേട്ട കഥ ഒരിക്കലും മുഴുവൻ കേട്ടിട്ടില്ല, കഥയുടെ നടുവിൽ രാജകുമാരിയോടൊപ്പം സ്വപ്‌നത്തിലേക്ക്‌ പൂമ്പാറ്റയായി പറന്നുയരും. ഇവിടെ കഥ പറഞ്ഞു തരുന്ന മുത്തശ്ശി ഇല്ല, ഞാൻ തന്നെ കഥ പറഞ്ഞു തീർക്കണം. കഥ പാതി വഴിയിൽ നിർത്തി പോകാൻ പറ്റില്ല. കഥ പറയുന്ന ആളിന്റെ വാക്കുകൾ ഇടറി പോകുന്നു, താളം പിഴച്ചു പോകുന്നു.

ഒരു നാൾ അതേ ട്രോളിയിൽ വേലായുധൻ ചേട്ടൻ അവളെ അഞ്ചാം നിലയിലേക്ക്‌ കൊണ്ടു വന്നു, എന്റെ ഡ്യൂട്ടി ദിവസം, കണ്ണുകളിൽ വെളുത്ത പാട കെട്ടിയിരുന്നു, വിളറി വെളുത്തിരുന്നു. ഒരു മണിയൻ ഈച്ച എന്നെ കണ്ടപ്പോൾ അവളുടെ കവിളിൽ നിന്നും പറന്നു പോയി. ”itra craneal bleed“ ആവും” പുറകിൽ നിന്നും ആരോ പറഞ്ഞു. കേസിന്റെ ന്യായാന്യായങ്ങളെയും, സാധ്യതകളെയും വിശകലം ചെയ്യാൻ ഒരു നിമിഷം മറന്നു. ഒരു നിമിഷം ഞാൻ “ദരസ്സര്‌” അല്ലാതായി. ഇവിടെ എന്നെ മാത്രം വഴിയിൽ വിട്ടു രാജകുമാരി പൂമ്പാറ്റയായി പറന്നുയർന്നു.

നേഴ്‌സിംഗ്‌ സെക്‌ഷനിൽ ചെന്ന്‌ കേസ്‌ ഷീറ്റ്‌ മുഴുമിപ്പിച്ചു.

“…………………..pupils dialated and fixed. patient declared dead”” ഒന്നര വർഷത്തെ വിവരങ്ങൾ എഴുതി കേസ്‌ ഷീറ്റ്‌ ഒരു വലിയ പുസ്‌തകത്തോളം. മേലെ കറങ്ങുന്ന പങ്കക്കടിയിൽ താളുകൾ പുറകോട്ടു മറിഞ്ഞു. ആദ്യത്തെ പേജിൽ എന്റെ കൈ അക്ഷരങ്ങൾ……..

കഥ പറഞ്ഞു കഴിഞ്ഞു. കുട്ടിക്കാലത്ത്‌ വായിച്ച വിക്രമാദിത്യൻ കഥയിൽ കഥക്കൊടുവിൽ വേതാളം ഒരു ചോദ്യം ചോദിക്കും. ഉത്തരം പറഞ്ഞില്ലെങ്കിൽ തല പൊട്ടിത്തെറിക്കും എന്ന ഭീഷണിയും ഇവിടെ ചോദ്യം ചോദിക്കുന്നത്‌ ഞാനാണ്‌, സ്വയം ചോദിച്ച ചോദ്യങ്ങൾക്ക്‌ ഇത്രയും നാൾ ഉത്തരം കിട്ടാത്തത്‌ കൊണ്ട്‌.

ചോദ്യം ഒന്ന്‌ ഃ ഒരു ഡോക്‌ടർ ആയി ഗുരുനാഥൻമാരുടെ മുന്നിൽ കൈ നീട്ടി പിടിച്ചു എടുത്ത പ്രതിജ്ഞ ഞാൻ ലംഘിച്ചോ?

ആ കുട്ടിക്ക്‌ എന്നോട്‌ തോന്നിയ അടുപ്പം കൗമാരപ്രണയമായിരുന്നോ. മൈക്രോസ്‌കോപിലെ വർണക്കാഴ്‌ചകളിൽ തുടങ്ങിയ ഇഷ്‌ടം മെല്ലെ മെല്ലെ സാമീപ്യത്തിന്റെ മാധുര്യമായി മാറിയിരുന്നു എന്ന്‌ ഞാൻ അറിഞ്ഞു. എനിക്കങ്ങോട്ട്‌ തോന്നിയത്‌ സഹാനുഭൂതി ആയിരുന്നു എന്ന്‌ പറഞ്ഞാൽ ആത്‌മവഞ്ചന ആകും. അല്ലെങ്കിൽ മുട്ടായി തെരുവിൽ നിന്നു തിരിച്ചു വരുമ്പോൾ അവൾക്കായി മാത്രം “ചെറുത്‌ എന്തെങ്കിലും” കുപ്പായ കീശയിൽ കരുതിയത്‌ എന്തിനാണ്‌. ചികിത്സയിലെ ഇടവേളകളിൽ വീട്ടിൽ പോകുമ്പോൾ അറിയാതെ അവളെ തിരഞ്ഞു പോയതെന്തിനാണ്‌ ചോദ്യം രണ്ടു മരണം സുനിശ്ചിതമായ ഒരാൾക്ക്‌ ഒത്തിരി സന്തോഷം കൊടുക്കാൻ പറ്റുമെങ്കിൽ സാമൂഹ്യനിയമങ്ങളോ, നമ്മൾ എടുക്കുന്ന പ്രതിജ്ഞയോ അതിനു തടസ്സമായി നില്‌ക്കേണ്ടതുണ്ടോ. ആതുര സേവകർ ദൈവനാമത്തിൽ കൈ നീട്ടി പിടിച്ചെടുക്കുന്ന പ്രതിജ്ഞകൾ കാലത്തിനു അതീതമാണോ, കാലത്തിനതീതമായ സ്‌നേഹം പ്രകടപ്പിക്കുന്നതിന്‌ പ്രതിജ്ഞകൾ തടസ്സമായി നില്‌ക്കുന്നെങ്കിൽ അതിനു ഒരു പൊളിച്ചെഴുത്ത്‌ ആവശ്യമല്ലേ.

ആദ്യത്തെ കണ്മണി

ഡിസംബർ മൂന്നിനും നാലിനും  തിരൂരിൽ നടന്ന ഭിന്ന ശേഷി സംഗമം “വരം ” ത്തോടനുബന്ധിച്ചു ഇറക്കിയ മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു അനുഭവക്കുറിപ്പാണിത്

***************************************************

bafoon

അറുപതുകളിലെ ബാല്യ ഓർമ്മകളിൽ ഓരോ തലശ്ശേരിക്കാരന്റെയും ഓർമ്മയിൽ  പൊതുവായി ബാക്കി ഉണ്ടാവുന്ന ചിലതുണ്ട്.

തണുത്തു കുളിരുന്ന ഡിസംബർ രാവുകളിൽ ഉറക്കമിളച്ചു കണ്ടിരുന്ന തെയ്യക്കോലങ്ങൾ , സ്‌കൂൾ അവധിക്കാലത്തെ കഥാപ്രസംഗങ്ങൾ നാടകങ്ങൾ .തെയ്യങ്ങൾക്കും തെറകൾക്കും ഒപ്പം മറ്റൊന്ന് -സർക്കസ്സ്  .

വേനലവധികളിൽ മൈതാനങ്ങളിൽ പെട്ടെന്നൊരു ദിവസം കൂറ്റൻ ടെന്റുകൾ ഉയരും . ടെന്റിന്റെ വിടവുകളിലൂടെ കൗതുകത്തോടെ നോക്കും സിംഹത്തിന്റെ അമറലും , പുലിയുടെ വാലും ഒരു മിന്നായം പോലെ കാണാൻ .

ഒരു ടിക്കെറ്റിനുള്ള കാശ് ഒപ്പിച്ചെടുക്കുന്ന പാട് , ആ കഥ വേറെ

അഭ്യാസികളുടെ പ്രകടനങ്ങൾ ഓരോന്നായി കണ്ടു കണ്ണ് തള്ളിയിരിക്കുമ്പോ വരും വിദൂഷകൻമ്മാർ .ആറേഴടി പൊക്കമുള്ള മല്ലൻമ്മാർ എടുത്തു പോകുന്ന ഇരുമ്പു ഗോളങ്ങളുടെ അത്ര മാത്രം പൊക്കമുള്ള കുള്ളൻമ്മാർ .മൂക്കിൻമേലൊരു ചോന്ന ബാൾ .കയ്യിൽ ഒച്ചയുണ്ടാക്കുന്നൊരു വടി . ഓർമ്മയിൽ കൂടുതൽ തെളിവോടെ നിൽക്കുന്നതു ഇവരുടെ ചലനങ്ങൾ ആവും.

നമ്മൾ സൗന്ദര്യത്തെ കുറിച്ച് വേവലാതിപ്പെടുന്നവരുടെ ഇടയിൽ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ അവനവന്റെ പൊക്കമില്ലായ്മ ആയുധമാക്കേണ്ടി വരുന്നവർ , ഗതികേട് കൊണ്ട്

പിന്നീട് ,

എഴുപതുകളിൽ എം ടിയുടെ “വളർത്തു മൃഗങ്ങളും” ,  “മേളയും” ,പിന്നെ അവരുടെ ഇടയിൽ നിന്ന് വന്ന ചില കലാകാരൻമാരും ഒക്കെ ജനത്തിന്റെ കാഴ്ച്പ്പാടിനെ സ്വാധീനിച്ചിട്ടുണ്ടാവും.ഇന്ന് ഒരു പരിധി വരെ എങ്കിലും ജീവിതത്തിന്റെ മുഖ്യ ധാരയിൽ ജനം അവരെയും ഒപ്പം നിർത്തിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു . കാണുമ്പോ തുറിച്ചു നോക്കാതെ ,പരിഹാസ ചിരിയോടെ കമെന്റ് അടിക്കാതെ അവരെ സമന്മാരായിട്ടു കാണാൻ തുടങ്ങിയിട്ടുണ്ട് .

ജീവിതത്തിനെ സന്ധ്യ ആവുന്നേരം ബാല്യത്തിലെ ഓർമ്മകൾ താലോലിക്കാൻ ഒന്നും നേരം കിട്ടാറില്ല .ഒടുങ്ങാത്ത തിരക്കുകൾ .

കാലത്തു വാർഡിലേക്ക് കടക്കുന്ന ഗേറ്റിനു മുൻപിൽ ചോറ്റു പാത്രവുമായി നിൽക്കുന്ന ആളെ കണ്ടപ്പോ ആണീ പഴയ ഓർമ്മകൾ ഒരിക്കൽ കൂടി മനസ്സിൽ വന്നത് .

റൗണ്ട്സിനു  ആദ്യത്തെ കട്ടിലിൽ ചെന്നപ്പോ ഒന്നൂടി ഞെട്ടി .  കട്ടിലിനോളം കഷ്ട്ടിച്ചു എത്തിച്ചു നിന്നൊരമ്മ ,കട്ടിലിന്റെ നടുവിലേക്ക് കയ്യെത്തില്ല ,നാൽപ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കട്ടിലിന്റെ അരികിലേക്ക് മാറ്റി കിടത്തിയിരിക്കുന്നു . ഗേറ്റിൽ നിൽക്കുന്ന ആളിനോട് കയ്യും കലാശവും കാട്ടുന്നു .

വീഴാതെ കൈ തടയിട്ടു കാത്തു വെച്ചിരിക്കുന്ന കുഞ്ഞിന്റെ പുതപ്പു മാറ്റി ,മുഖത്തേക്ക് നോക്കി പ്രതീക്ഷിച്ച പോലെ ,.അച്ഛനും അമ്മയ്ക്കും തന്നെ പിറന്ന ഉണ്ണി തന്നെ

കേസ് ഹിസ്റ്ററി എടുത്തു ,ചികിത്സ നിശ്ചയിച്ചു മുന്നോട്ടു പോയി .

റൗണ്ടസ് എടുത്തോണ്ട് മുന്നോട്ടു പോവുമ്പോ വല്ലതും പറഞ്ഞു കൊടുക്കാൻ കുട്ടികളോടൊരു ചോദ്യം ഏറിയും .

“What is the chance for them to have a normal baby ?”

കുട്ടികൾ കടലാസും പേനയും എടുത്തു മെൻഡേലിയൻ ഇൻഹെറിറ്റൻസ് പാറ്റേൺ ഒക്കെ  കുത്തും വരയും ഇട്ടു ആഞ്ഞു പിടിച്ചു .

ഉത്തരം വൈകി .

വൈകുന്ന ഓരോ നിമിഷവും അവരെ കൊച്ചാക്കുന്ന രീതിയിൽ അവരെ നോക്കി നിന്നു .

ഒരു അദ്ധ്യാപകൻ എന്ന നിലയിൽ നിന്ന് , അറിയാതെ ഒരു നിമിഷം മനസ്സ് തെന്നി മാറി .

ഇതേ ചോദ്യം ചോദിച്ചു ഡോക്ടറുടെ  കണ്ണുകളിലേക്കു നോക്കി ഉത്തരം കാത്തിരിക്കുന്ന ആ ഒരച്ഛന്റെ മനസ്സിലേക്ക് ഒരു നിമിഷം ഞാൻ ഒന്ന് കൂടു മാറി .

“What is the chance for me  to have a normal baby ?”…സാർ .

നേർത്തൊരു സാധ്യത ഉണ്ട് എന്ന ഉത്തരം പ്രതീക്ഷിച്ചു കണ്ണിലേക്കു നോക്കി കാത്തിരിക്കുന്ന “ഞാൻ “

ഒരു പാട് ദിവസം എടുത്തു ന്യോമോണിയയിൽ നിന്നും ഒന്ന് കര കയറാൻ. ഇക്കൂട്ടർക്ക് ഇങ്ങനെ വല്ലതും ഒക്കെ വരുമ്പോ അങ്ങനെ ആണ് .കൂടാതെ ഹാർട്ടിന് കുഴപ്പം ഉണ്ടോ എന്നൊരു സംശയം .എക്കോ നോർമൽ ആണെന്ന് റിപ്പോർട് വന്നെങ്കിലും ഒരു സംശയം ബാക്കി നിന്നു

രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞു കുടുംബമായിട്ടു പോവുമ്പോ രണ്ടാളും കൂടി മനസ്സ് തുറന്നൊരു ചിരിയും സമ്മാനിച്ച് . “ഇത്തിരിക്കൈകൾ വീശിക്കാട്ടി  അവര് പോയി

വെറുതെ ഇരിക്കുമ്പോ മനസ്സിൽ വെറുതെ കൊറേ ചിന്തകൾ വന്നു  

സിനിമാ പാട്ടിൽ നമ്മൾ പാടിക്കേട്ട പാട്ടോർത്തു

“ആദ്യത്തെ കണ്മണി  ആണായിരിക്കണം അവൻ അച്ഛനെ പോലെ ഇരിക്കണം “

ഇവരുടെ സ്വപ്‌നങ്ങൾ  ഇങ്ങനെ തന്നെ ആയിരുന്നിരിക്കുമോ ?

ഒരു ജീവിതം മുഴുവൻ തുറിച്ചു നോട്ടവും അവഹേളനങ്ങളും മാത്രം . ബുദ്ധിയും കഴിവും ഉണ്ടായിട്ടും  ഉയരക്കുറവ് കൊണ്ട് മാത്രം പിന്നിലായി പോയ ജീവിതാനുഭവം അവരെ ഇങ്ങനെ സ്വപ്നം കാണാൻ അനുവദിക്കുമോ ?

“സംഭവിക്കാനുള്ള സാധ്യത നേരിയതാവാം , എങ്കിലും ഒത്ത ശരീരം ഉള്ളൊരാൾ ഉണ്ണിയായി വരുവോ . ഞങ്ങൾക്ക് താങ്ങായി “എന്നാവുമോ അതോ ? പാട്ടിൽ പറയും പോലെ “എന്നെ പോലെ ,നിന്നെ പോലെ ?” ആവണം കണ്മണി എന്നാവുമോ

ജീവിത യാഥാർഥ്യങ്ങൾ “ എന്നെ പോലെ നിന്നെ പോലെ “ എന്ന പൈങ്കിളി സ്വപ്‌നങ്ങൾ കാണാൻ അവരെ സമ്മതിച്ചു കാണില്ല എന്നാണെനിക്കു തോന്നിയത് .

പെരുമഴ പോലെ  അനുഭവങ്ങൾ  ഒന്നിന് മേലെ ഒന്നായി പെയ്തു കൊണ്ടേ ഇരുന്നു .ഓരോ ചിന്തക്കും സംഭവത്തിനുമൊക്കെ ആയുസ്സു നിമിഷങ്ങൾ മാത്രം …

രണ്ടാഴ്ചക്കിപ്പുറം കാലത്തു ഐ സി യുവിൽ എന്തുണ്ട് വിശേഷം എന്നറിയാൻ കയറിയതാണ് . കുഞ്ഞു അത്യാസന്ന നിലയിൽ , വീണ്ടുമൊരു ന്യുമോണിയ.  ഓരോ ശ്വാസവും വെന്റിലേറ്ററിൻറെ ഔദാര്യത്തിൽ . മരുന്നുകളും രീതികൾ പലതും മാറി മാറി .

ഇത്തിരിപ്പോന്ന കൈകൾ അനങ്ങാതായപ്പോ ,ഏന്തി നോക്കുന്ന കണ്ണുകൾ ഒന്നും നോക്കാതെ ആയപ്പോ ആയമ്മ ചോദിച്ചു ..

“കാണാൻ എങ്ങനെ ആണെങ്കിലും ജീവൻ കിട്ടിയാ മതിയാരുന്നു . ഇനി ഇപ്പൊ എന്തിനാ ഇങ്ങനെ ?”

“ ഒന്ന് നിർത്തി തര്വോ  .ഇനി മതി “  

മറുപടി മൗനത്തിലൊതുക്കി …

ഒടുവിൽ ..

കൈപ്പിന്റെ കടലിലേക്ക് ഒരു തുള്ളി മധുരം ഇറ്റു വീണു കിട്ടിയത് പങ്കു വെച്ച് നുകരാൻ ചുണ്ടോടടുപ്പിച്ചപ്പോഴേക്കും  അതും തട്ടി തെറിപ്പിച്ചു ..

എഴുപതുകളിൽ വൈദ്യ വിദ്യാർത്ഥിയായിരിക്കെ ആണ് നിർമ്മാല്യം കണ്ടത് … വ്യക്തമായി ഓർക്കുന്ന ഒരു രംഗമുണ്ട് .

ദേവിയുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്ന കോമരം …ഈ അച്ഛനും അമ്മയ്ക്കും പകരം ഈ ഞാനും ഒരു നിമിഷത്തേക്ക് ആ കോമരമായി ..